ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റ് ഭരണഘടനാ സമിതി അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമയിൽ ഇന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനകളിലൊന്നാണ് ഇന്ത്യൻ ഭരണഘടന. അതിൽ നമ്മൾ അഭിമാനിക്കേണ്ട കാര്യവുമുണ്ട്. ഭരണഘടനയുടെ സിംഹഭാഗവും വിനിയോഗിച്ചത് പൗരരുടെ മൗലികാവകാശങ്ങൾ വിശദീകരിക്കാനാണ് എന്ന വസ്തുതയിൽ നമുക്കോരോരുത്തർക്കും അഭിമാനിക്കാം. ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്‌കറിന്റെ 125-ാം ജന്മവർഷമായിരുന്ന 2015-ലാണ് കേന്ദ്ര സർക്കാർ നവംബർ 26 ഭരണഘടനാ ദിനമായി ആഘോഷിക്കാനുള്ള തീരുമാനം എടുക്കുന്നത്.
എന്നാൽ ഭരണഘടനയിലെ ചിത്രങ്ങളെ കുറിച്ച് അധികമാരും സംസാരിക്കാറില്ല. ഭരണഘടനയുടെ ആദ്യ പതിപ്പായ അകയ്യെസ്‌ഗത്ത് പരാതിയിൽ നന്ദലാൽ ബോസ് എന്ന ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചു ചേർത്തതാണ്. ഈ ചിത്രങ്ങൾക്ക് പിന്നിലെ കഥയെന്തായിരിക്കും?
ഭരണഘടനയുടെ നിർമ്മാണം ഏകദേശം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ, സഭാധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് മുന്നിലേക്ക് ഒരാവശ്യം വച്ചത്. ഭരണഘടനയുടെ ഒരു കയ്യെഴുത്തു പ്രതി തയ്യാറാക്കി അതിൽ എല്ലാ സഭാംഗങ്ങളും ഒപ്പുവച്ച് സൂക്ഷിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം.
രാജ്യം റിപ്പബ്ലിക്കാകുന്ന സന്ദർഭം അടയാളപ്പെടുത്താൻ കേവലം പ്രിന്റ് ചെയ്തുവച്ച ഭരണഘടന മതിയാകില്ലെന്ന് ആ സമിതിയിലെ എല്ലാ അംഗങ്ങൾക്കും തോന്നിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അച്ചടിച്ച കോപ്പിയിൽ ഏകദേശം 300 പേജുകളുണ്ട്. അതുകൊണ്ടുതന്നെ രണ്ടു മാസമെടുത്തു കയ്യെഴുത്ത് പ്രതി പൂർത്തിയാക്കാൻ. 1950-ൽ ഭരണഘടനാ സമിതിയിലെ എല്ലാ അംഗങ്ങളും ഒപ്പുവച്ചതോടെ ഭരണഘടന പ്രാബല്യത്തിൽ വന്നു.
1949 ഒക്ടോബറിലാണ് ഭരണഘടനയുട പേജുകൾ രൂപകൽപ്പന ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ. രാജേന്ദ്രപ്രസാദ് ആർട്ടിസ്റ്റ് നന്ദലാൽ ബോസിനെ ചെന്ന് കാണുന്നത്. രാജ്യത്തിൻറെ രാഷ്ട്രീയവും ബൗദ്ധികവുമായ പരിശ്രമങ്ങളുടെ മാത്രം അടയാളപ്പെടുത്തലല്ല, രാജ്യത്തെ കലാപരമായ നേട്ടങ്ങളുടെ കൂടി അടയാളപ്പെടുത്തലാകണം ഭരണഘടന എന്നാണ് ഡോ രാജേന്ദ്രപ്രസാദ് അദ്ദേഹത്തോട് പറയുന്നത്. കയ്യെഴുത്ത് പ്രതിയിൽ ഓരോ അനുച്ഛേദങ്ങളും എഴുതിച്ചേർത്ത കാലിഗ്രാഫർ പ്രേം ബിഹാരി നരയിൻ റൈസാദയെ ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് ദിവസങ്ങൾ മുമ്പ് ഭരണഘടന സമിതി അനുമോദിച്ചു.
ഡൽഹിയിൽ വച്ച് മുഴുവൻ അനുച്ഛേദങ്ങളും എഴുതിക്കഴിഞ്ഞതോടെ പേജുകൾ രൂപകൽപന ചെയ്യുന്നതിനായി കൊൽക്കത്തയിലെ ശാന്തിനികേതനിലുള്ള നന്ദലാൽ ബോസിന് എത്തിച്ച് നൽക്കുകയായിരുന്നു. ബോസ് ഓരോ അധ്യായങ്ങൾക്കും പ്രത്യേക പെയിന്റിങ്ങുകൾ നൽകി. മോഹൻജദാരോയും, ദണ്ഡി മാർച്ചും, ഭഗവത് ഗീതയുമുൾപ്പെടെ അധ്യായങ്ങളുടെ കവർ ചിത്രങ്ങളായി.
1950 ജനുവരി 24-ന് ഭരണഘടനയിൽ ഒപ്പുവെക്കാൻ സമിതിയംഗങ്ങൾ എത്തിയപ്പോൾ 300 പേജുകളുള്ള ഭരണഘടനയുടെ 100 പേജുകൾ മാത്രമേ കാലിഗ്രാഫ് ചെയ്തിരുന്നുള്ളു. ഒടുവില്‍ അവസാന പേജ് പെട്ടന്ന് കാലിഗ്രാഫ് ചെയ്ത് അതിൽ എല്ലാവരും ഒപ്പു വെക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആയിരം കോപ്പികൾ അച്ചടിക്കണം എന്നായിരുന്നു തീരുമാനം. അതിന്റെ മുഴുവൻ ചെലവ് താൻ വഹിച്ചോളാം എന്ന് ഭരണഘടന നിർമ്മാണസഭാംഗമായ രാംനാഥ് ഗോയെങ്ക പറഞ്ഞെങ്കിലും അത് അങ്ങീകരിക്കപ്പെട്ടില്ല. കാലിഗ്രാഫർക്കും ആർട്ടിസ്റ്റിനും സർക്കാർ 1,500 രൂപ ഓണറേറിയം നൽകി.
1992 ൽ അലഹബാദ് ഹൈക്കോടതി ഈ കയ്യെഴുത്ത് പ്രതിയെ കുറിച്ച് വിവാദപരമായ പ്രസ്താവന നടത്തിയിരുന്നു. ഭരണഘടനയിലുള്ള ചിത്രങ്ങൾ ദേശീയമാണെന്നും, നമ്മുടെ അംഗീകരിക്കപ്പെട്ട ദേശീയ ജീവിതമാണ് ഈ ചിത്രങ്ങൾ" എന്നും പറഞ്ഞ കോടതിയുടെ പരാമർശം വലിയതോതിൽ വിമർശിക്കപ്പെട്ടു.
പുരാണങ്ങളിൽ നിന്നടക്കമുള്ള ചിത്രങ്ങൾ ഭരണഘടനയിലുണ്ടായിരുന്നു, അത് ദേശീയ ചിഹ്നങ്ങളാക്കി അവതരിപ്പിക്കുന്നത് അപകടമാണെന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉയർന്നുവന്നിരുന്നു. അയോധ്യാ വിധിയുൾപ്പെടെയുള്ള സമയങ്ങളിൽ ഭരണഘടനയിലെ രാമന്റെയും ലക്ഷമണന്റെയും സീതയുടെയും ചിത്രം പ്രചരിപ്പിച്ച് രാമൻ ദേശീയ ചിഹ്നമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നമ്മൾ കണ്ടിട്ടുണ്ട്. അതിനു ശേഷം ഭരണഘടനയിലെ ചിത്രങ്ങൾക്ക് ആ രേഖ മുന്നോട്ട് വെക്കുന്ന ആശയവുമായി ബന്ധപ്പെട്ടതല്ലെന്നും, അലങ്കാരത്തിനപ്പുറം അതിന് പ്രാധാന്യം നൽകേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നു.