INDIA

കോടതി മുറിയില്‍ അജ്മല്‍ കസബിനെ ചൂണ്ടിക്കാട്ടിയ പെണ്‍കുട്ടി; 26/11നുശേഷം ജീവിതം മാറിയ ദേവിക റൊതാവൻ

2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തിന് ഇന്ന് 15 വയസ് തികയുകയാണ്.

ആമിന കെ

2008 നവംബര്‍ 26, രാജ്യവും ലോകവും ഞെട്ടിത്തരിച്ച മുംബൈ ഭീകരാക്രണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുമ്പോൾ ദേവിക റൊതാവന് പ്രായം ഒൻപത്. സംഭവത്തിലെ പ്രായം കുറഞ്ഞ സാക്ഷിയായിരുന്നു ഈ പെൺകുട്ടി. കാലിന് വെടിയേറ്റ ദേവിക കോടതിയിൽ, വധശിക്ഷയ്ക്ക് വിധിച്ച മുഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ തിരിച്ചറിഞ്ഞു. കസബിനെ ചൂണ്ടിക്കാട്ടുമ്പോള്‍, അയാൾക്കെതിരെ മൊഴി നൽകുമ്പോൾ ദേവിക ഭയന്നില്ല. നിര്‍ഭയമായ ആ മൊഴിയാണ് രാജ്യത്തെ മൂന്ന് നാൾ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണത്തിലെ പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്.

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 15 വയസ് തികയുകയാണ്. 60 മണിക്കൂര്‍ മുംബൈയെ സ്തംഭിപ്പിച്ച ആക്രമണത്തില്‍ 166 ജീവനുകളാണ് പൊലിഞ്ഞത്. ദേവികയെ ഓര്‍ക്കാതെ പിന്നീടുള്ള ഒരു നവംബർ 26 ഉം കടന്നുപോയിട്ടില്ല.

25 വയസ് തികയാനിരിക്കുന്ന ദേവികയുടെ 15 വര്‍ഷത്തെ ജീവിതം സംഭവബഹുലമായിരുന്നു. ഇന്നും താനനുഭവിക്കുന്ന നിസ്സംഗത പങ്കുവെയ്ക്കുകയാണ് രാജ്യാന്തര മാധ്യമമായ ബി ബി സിയിലൂടെ ദേവിക. അതിജീവനത്തിന്റെ രണ്ടാം വര്‍ഷമായ 2010ലാണ് ദേവികയെ മുംബൈയിലെ ചേരിയില്‍നിന്ന് ബി ബി സി റിപ്പോര്‍ട്ടറായ സൗതിക് ബിശ്വാസ് കാണുന്നത്. 15 വര്‍ഷത്തിനുശേഷം സൗതിക് ബിശ്വാസ് ഒരിക്കല്‍ കൂടി ദേവികയെ കാണുമ്പോള്‍ പണ്ടത്തെ ആ ബാലികയില്‍നിന്ന് അവള്‍ക്കുണ്ടായ മാറ്റവും വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുകയാണ്.

ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ദേവിക

ഛത്രപതി ടെര്‍മിനസ് റെയിൽവേ സ്‌റ്റേഷനിൽവച്ചാണ് ദേവികയുടെ കാലില്‍ വെടിയേല്‍ക്കുന്നത്. തന്റെ പത്താം പിറന്നാളിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സംഭവം. അജ്മല്‍ കസബായിരുന്നു ദേവികയ്ക്കുനേരെ നിറയൊഴിച്ചത്. റെയിൽവേ സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ മാത്രം 50 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വിചാരണസമയത്ത് തെളിവുകള്‍ നല്‍കുകയും നിറഞ്ഞ കോടതി മുറിയില്‍നിന്ന് അജ്മല്‍ കസബിനെ തിരിച്ചറിയുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ സാക്ഷിയാണ് ദേവിക. കോടതി മുറിയിലെ ചോദ്യങ്ങള്‍ക്ക് ശാന്തമായി മറുപടി നല്‍കാന്‍ ആ ബാലികയ്ക്ക് സാധിച്ചു. 'കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി'യെന്നായിരുന്നു മാധ്യമങ്ങള്‍ അവളെ വിശേഷിപ്പിച്ചത്.

2010ല്‍ ദേവികയെ കാണുമ്പോള്‍ അവള്‍ മുടന്തി നടക്കുന്ന, നാണം കുണുങ്ങിയായിരുന്നുവെന്ന് സൗതിക് ഓര്‍മിക്കുന്നു. ഒരുപാട് ചിരിക്കുന്ന എന്നാല്‍ അധികമൊന്നും സംസാരിക്കാത്താരുവള്‍. അവളുടെ സഹോദരനായ ജയേഷ് അസ്ഥിരോഗം കാരണം ഒറ്റമുറിയില്‍ കിടക്കുകയായിരുന്നു. ഭാവിയെക്കുറിച്ച് ആശങ്കാകുലനായ, ഡ്രൈ ഫ്രൂട്‌സ് വിതരണക്കാരനായ അവളുടെ പിതാവ് നട്‌വർലാലിന് മുംബൈ ആക്രമണത്തിനുശേഷം ജോലി നഷ്ടപ്പെടുകയും ചെയ്തു. പ്ലാസ്റ്റിക് കസേരകള്‍, ഇരുമ്പുപെട്ടി, പാത്രങ്ങള്‍ എന്നിവയായിരുന്നു ഇവരുടെ വീട്ടിൽ ആകെയുണ്ടായിരുന്ന സ്വത്തുവകകള്‍. വളരുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാകണമെന്നാണ് ദേവിക അന്ന് പറഞ്ഞത്. ഇന്നും അതേ ആഗ്രഹത്തിലുറച്ച് നില്‍ക്കുകയാണ് ദേവിക.

13 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടപ്പോള്‍ ആ നാണം കുണുങ്ങിയില്‍നിന്ന്, 25 വയസ് തികയാനിരിക്കുന്ന ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയെയാണ് സൗതിക് കാണുന്നത്. ചെറിയ അപ്പാര്‍ട്‌മെന്റിലെ പുതിയ വീട്ടിലാണ് ഇപ്പോൾ താമസം. ഈ വര്‍ഷങ്ങളിലുനീളം മാധ്യമപ്രവര്‍ത്തകരോട് തന്റെ കഥ പങ്കുവെക്കുകയായിരുന്നു ദേവിക.

അന്ന് രാത്രി പൂനെയിലേക്കുള്ള ട്രെയിൻ കാത്തുനില്‍ക്കുമ്പോഴാണ് കാതടിപ്പിക്കുന്ന വെടിവെപ്പിന്റെ ശബ്ദം ദേവിക കേള്‍ക്കുന്നത്. തന്റെ ചുറ്റിലും ആളുകള്‍ മരിച്ചുവീഴുന്നതാണ് ദേവിക കാണുന്നത്. അപ്പോഴാണ് വലിയ തോക്കുകളേന്തി നിര്‍ഭയനായ ഒരു ചെറുപ്പക്കാരന്‍ ചുറ്റിലും വെടിയുതിര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ജീവന്‍ രക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുന്നതിനിടയില്‍ തന്റെ വലതുകാലില്‍ വെടിയുണ്ട തുളച്ചുകയറുകയും ബോധരഹിതയായി അവള്‍ വീഴുകയുമായിരുന്നു. ആറ് ശസ്ത്രക്രിയക്കും 65 ദിവസത്തെ ചികിത്സയ്ക്കും ശേഷമായിരുന്നു ദേവിക വീട്ടിലേക്ക് തിരികെയെത്തിയത്.

തന്റെ 11-ാം വയസിലാണ് ദേവിക ആദ്യമായി സ്ഥിരമായി സ്‌കൂളില്‍ പോയിത്തുടങ്ങുന്നത്. എന്നാല്‍ മറ്റുള്ള വിദ്യാര്‍ഥികളുടെയും ജീവന്‍ ഭീഷണിയിലാകുമെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ അവളുടെ സ്‌കൂള്‍ പ്രവേശനം ആദ്യം നിരസിച്ചിരുന്നു.

2009 ജൂണിലായിരുന്നു ദേവിക കോടതിയില്‍നിന്ന് കസബിനെതിരെ സാക്ഷി പറയുന്നത്. ''ഞാന്‍ അവനെ ചൂണ്ടിക്കാട്ടി. അവന്‍ എന്നെ നോക്കുകയും പിന്നെ തല കുനിക്കുകയും ചെയ്തു,'' എന്നാണഅ കോടതി മുറിയിലെ പ്രയാസമേറിയ ദൃക്‌സാക്ഷി വിവരണത്തെ ദേവിക വിശേഷിപ്പിക്കുന്നത്. അതിനു ശേഷം 2008 നവംബര്‍ 26ന് മുമ്പും ശേഷവും എന്ന നിലയില്‍ ദേവികയുടെ ജീവിതം മാറിമറിയുകയായിരുന്നു.

അജ്മല്‍ കസബ്

ആക്രമണത്തിനുശേഷം മുംബൈ മുന്നോട്ട് പോയെങ്കിലും ആക്രമണത്തിന്റെ നിഴലുകള്‍ ഇപ്പോഴും ദേവികയുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പ്രൊഫൈലുകളില്‍ ദേവിക റൊതാവന്‍ 26/11 എന്നാണ് ദേവിക രേഖപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലും പ്രായം കുറഞ്ഞ മുംബൈ ഭീകരാക്രമണത്തിലെ പ്രായം കുറഞ്ഞ ഇരയെന്നാണ് അവള്‍ സ്വയം വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുംബൈ സന്ദര്‍ശിച്ചപ്പോള്‍ ദേവികയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. മുംബൈ ആക്രമണത്തിലെ അതിജീവിതയെന്ന നിലയില്‍ അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയില്‍ അവള്‍ അതിഥിയായിരുന്നു. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയുടെ നേത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കും ദേവിക ക്ഷണിക്കപ്പെട്ടിരുന്നു. തന്റെ പിതാവിന്റെ ജന്മനാടായ രാജസ്ഥാനില്‍നിന്നുമാണ് ദേവിക റാലിയില്‍ പങ്കെടുത്തത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്ക് ചെറിയ ഭൂമിയും നല്‍കിയിട്ടുണ്ട്.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം അവളുടെ അഭിപ്രായങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങളുമെത്താറുണ്ട്. ചില സമയത്ത് അവര്‍ വരികയും തന്റെ അഭിപ്രായം തേടുകയും ചെയ്യുന്നതായി സമ്മതിക്കുന്ന ദേവിക ഇത് വളരെ വിചിത്രമാണെന്നാണ് കരുതുന്നത്,

മറ്റെല്ലാവരെയും പോലെ വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ ജീവിക്കുകയെന്നത് ദേവികയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു മുറിയും പൊതുവായ ശുചിമുറികളുമുള്ള ചേരിയിലാണ് 12 വര്‍ഷം ദേവിക ജീവിച്ചത്. എന്നാല്‍ സമീപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ അവര്‍ ഈ താമസസ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. രണ്ട് കോടി ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ 19,000 രൂപ പ്രതിമാസ വാടകയുള്ള ഒരു ചേരി പുനരധിവാസ കെട്ടിടത്തിലേക്ക് ആറുമാസം മുമ്പ് ദേവിക മാറുകയായിരുന്നു. ഒറ്റമുറി സംവിധാനമുള്ള ഈ വീട്ടിലും ജീവിതച്ചെലവ് വര്‍ധിക്കുകയാണെന്ന് ആശങ്കയിലാണ് ദേവികയും കുടുംബവും.

ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം ദേവിക

ദേവികയ്ക്കും കുടുംബത്തിനും വീട് വെച്ചുകൊടുക്കാമെന്ന് ആക്രമണത്തിനുശേഷം മഹാരാഷ്ട്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടപ്പായിട്ടില്ല. ഇതിനെതിരെ കോടതി കയറിയിറങ്ങുകയാണ് ദേവികയിപ്പോൾ.

ദുരന്തം നടന്ന് 15 വര്‍ഷത്തിനുശേഷവും ദേവികയും കുടുംബവും സുഹൃത്തുക്കളുടെയും ക്ലബുകളുടെയും മറ്റും സഹായത്തോടെയാണ് ജീവിക്കുന്നത്. എട്ട് വര്‍ഷത്തിനിടെ രണ്ട് ഘട്ടങ്ങളിലായി 13 ലക്ഷം രൂപ മാത്രമാണ് ദേവികയ്ക്ക് സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത്.

ഓരോ വേദിയിലും സംസാരിക്കാന്‍ ദേവിക ക്ഷണിക്കപ്പെടുന്നുവെന്നും അതിലൂടെ അവള്‍ക്ക് പണവും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നുവെന്നും നട്‌വര്‍ലാല്‍ പറയുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് പരിപാടിയിലൂടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറുപതുകാരനായ പിതാവ് നട്‌വര്‍ലാല്‍ തൊഴില്‍രഹിതനാണ്. 28 വയസായ ജയേഷിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഓഫീസ് അസിസ്റ്റന്റായി ജോലി ലഭിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ച സമയത്തുണ്ടായ ടിബി രോഗം ദേവികയുടെ തുടര്‍ന്നുള്ള പഠനത്തെയും ബാധിച്ചിരുന്നു. അതിജീവിതരെ സഹായിക്കുന്ന സ്വകാര്യ ട്രസ്റ്റാണ് നിലവില്‍ ദേവികയുടെ കോളേജ് ഫീസുകള്‍ അടക്കുന്നത്.അടുത്ത വര്‍ഷം പൊളിറ്റക്കല്‍ സയന്‍സിലും ഹ്യുമാനിറ്റീസിലും ബിരുദപ്രവേശനം നേടാനിരിക്കുകയാണ് ദേവിക. അതിനു ശേഷം പോലീസ് ഉദ്യോഗസ്ഥണമെന്നാണ് ആഗ്രഹം. കുറച്ച് മാസങ്ങളായി ഒരു ജോലിക്കുവേണ്ടി അന്വേഷിക്കുകയാണെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ദേവിക പറയുന്നു.

കസബിനെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി എന്ന സത്വം തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുയാണെന്നും ഇതില്‍നിന്ന് താന്‍ ഓടി രക്ഷപ്പെടുന്നില്ലെന്നുമാണ് ദേവികയുടെ നിലപാട്. താന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു അസ്ഥിത്വമെന്നത് പോലീസ് ഓഫീസറുടേതും ഭീകരവാദികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുന്നവള്‍ എന്നതുമാണെന്നും ദേവിക നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി