INDIA

'നിസ്സാരവത്ക്കരിക്കരുത്, മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തം'; കേന്ദ്രത്തോട് സുപ്രീംകോടതി

മെയ് നാലിന് നടന്ന സംഭവം പുറത്തറിഞ്ഞ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസമെടുത്തത് എന്തുകൊണ്ടാണെന്ന് കോടതി

വെബ് ഡെസ്ക്

മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിനെ ന്യായീകരിക്കാനും നിസ്സാരവത്ക്കരിക്കാനുമാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം .

'വംശീയ വിദ്വേഷത്താല്‍ സ്ത്രീകളെ ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ബംഗാളിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ നിസ്സാരവത്കരിക്കാനാകില്ല. രാഷ്ട്രീയലാഭത്തിനായി ഇതിനെ ഉപയോഗിക്കരുത്. മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മണിപ്പൂര്‍ കലാപത്തില്‍ എന്ത് നിര്‍ദേശമാണ് കേന്ദ്രത്തിന് ഇനി മുന്നോട്ടുവയ്ക്കാനുള്ളത്'. ചീഫ് ജസ്റ്റിസ് ചോദിച്ചു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പകർത്തിയ വീഡിയോയെ ഭീകരമെന്നാണ് ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും വിശേഷിപ്പിച്ചത്. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നുവെന്നും മണിപ്പൂരിന് ശാന്തി ആവശ്യമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

മെയ് നാലിന് നടന്ന സംഭവം പുറത്തറിഞ്ഞ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൈകാര്യം ചെയ്യാന്‍ ശക്തമായ സംവിധാനം വേണം. കൂടാതെ മെയ് മുതല്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളില്‍ നടന്ന അറസ്റ്റുകളെക്കുറിച്ചും അക്രമത്തില്‍ നാശനഷ്ടം നേരിട്ടവർക്കുള്ള പുനരധിവാസത്തെക്കുറിച്ചും സഹായ പാക്കേജുകളെക്കുറിച്ചും അറിയിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.

അതേസമയം, മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

രണ്ട് കുകി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുന്ന വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോടതി മുൻപ് പറഞ്ഞിരുന്നു. സ്ത്രീകളെ അക്രമത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് ജനാധിപത്യ രാജ്യത്ത് അനുവദിക്കാനാകില്ലെന്ന് ജൂലൈ 20ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ജൂലൈ 27 നാണ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയതായി കേന്ദ്രം കോടതിയെ അറിയിച്ചത്

ഇതിനുപിന്നാലെ മണിപ്പൂർ വിഷയത്തിൽ അടിയന്തര പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും നിർദേശം നൽകിയിരുന്നു. ജൂലൈ 27 നാണ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയതായി കേന്ദ്രം കോടതിയെ അറിയിച്ചത്. ആഭ്യന്തരമന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുകി സ്ത്രീകളെ ആക്രമിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിചാരണ നടപടികള്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, കേസ് സിബിഐയ്ക്ക് കൈമാറുന്നതിനെ അതിജീവിതകൾ സുപ്രീംകോടതിയിൽ എതിർത്തിരുന്നു. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റുന്നതിനെയും അനുകൂലിക്കുന്നില്ലെന്ന് അവർ കോടതിയില്‍ ഇന്ന് അറിയിച്ചിരുന്നു. ലൈംഗിക പീഡനത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി പരിഗണിക്കവെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ