അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണത്തിനായി ആറുമാസം കൂടി സമയം നീട്ടിനല്‍കണമെന്ന് സെബി സുപ്രീംകോടതിയില്‍. എന്നാല്‍ ആറുമാസം സമയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൂന്നുമാസം സമയം നല്‍കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സെബിയുടെ അപേക്ഷയില്‍ സുപ്രീംകോടതി മെയ് 15ന് ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സെബിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം അന്തര്‍ദേശീയ, ആഭ്യന്തര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. പത്ത് വര്‍ഷത്തിലേറയായി നടത്തിയ ഇടപാടുകള്‍ ചിലപ്പോള്‍ പരിശോധിക്കേണ്ടിവരും. ഇതിന് ഒരുപാട് വെല്ലുവിളികള്‍ നേരിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി സമയം നീട്ടി ചോദിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വിരമിച്ച ജസ്റ്റിസ് എ എ സാപ്രെ അധ്യക്ഷനായ വിദഗ്ധ സമിതിയെ സുപ്രീംകോടതി അന്വേഷണത്തിന് നിയോഗിച്ചിരുന്നു. സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ 'റിലേറ്റഡ് പാർട്ടി' ഇടപാട് നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് സെബി പ്രധാനമായും പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ളതാണ് ഈ മൂന്ന് സ്ഥാപനങ്ങളും.
13 വർഷമായി ഗൗതം അദാനിയുടെ പോർട്ട് ടു പവർ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് സ്ഥാപനങ്ങളും നിരവധി നിക്ഷേപ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഇവയുടെ ഗുണഭോക്താവായ ഉടമയോ ഡയറക്‌ടറോ അല്ലെങ്കിൽ മൂന്ന് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളോ ആണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യൻ നിയമപ്രകാരം, ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ നേരിട്ടുള്ള ബന്ധുക്കൾ, പ്രൊമോട്ടർ ഗ്രൂപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ട കക്ഷികളായി (റിലേറ്റഡ് പാർട്ടി) കണക്കാക്കപ്പെടുന്നു. കമ്പനിയിൽ വലിയ ഷെയർ ഹോൾഡിങ് ഉള്ളതും കമ്പനി നയത്തെ സ്വാധീനിക്കാൻ കഴിയുന്നതുമായ ഒരു സ്ഥാപനത്തെയാണ് പ്രൊമോട്ടർ ഗ്രൂപ്പായി കണക്കാക്കുന്നത്. അത്തരം സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾ റെഗുലേറ്ററി ബോർഡിലും പബ്ലിക് ഫയലിങ്ങുകളിലും വെളിപ്പെടുത്തുകയും വേണം.
അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു. ഏകദേശം 100 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് സംഭവിച്ചത്.