INDIA

ഒരു കുപ്പി മദ്യം പോലും വിറ്റില്ല; എന്നിട്ടും തെലങ്കാനയിൽ എക്സൈസ് വകുപ്പ് നേടിയത് 2639 കോടി രൂപ !

കഴിഞ്ഞ ഒരു വർഷത്തിനിടെ തെലങ്കാനയിൽ ഏകദേശം 30,000 കോടി രൂപയുടെ മദ്യവിൽപ്പന നടന്നതായാണ് കണക്കാക്കുന്നത്.

വെബ് ഡെസ്ക്

ഒരു കുപ്പി മദ്യം പോലും വിൽക്കാതെ തെലങ്കാനയിൽ എക്സൈസ് വകുപ്പ് സമാഹരിച്ചത് 2639 കോടി രൂപ! എങ്ങനെയാണ് മദ്യം വിൽക്കാതെ ഇത്രയും കോടി രൂപ സർക്കാരിന് കിട്ടിയെന്നായിരിക്കും നിങ്ങൾ ചിന്തിക്കുക. മറ്റൊന്നുമല്ല, തെലങ്കാനയിൽ പുതിയതായി 2,620 മദ്യശാലകൾ അനുവദിക്കുന്നതിനായി കെ ചന്ദ്രശേഖർ റാവുവിന്ററെ നേതൃത്വത്തിലുളള ബിആർഎസ് സർക്കാർ 1.32 ലക്ഷം അപേക്ഷകളിൽ നിന്ന് 2 ലക്ഷം രൂപ വീതം അപേക്ഷാ ഫീസ് ഈടാക്കിയാണ് 2639 കോടി രൂപ സമാഹരിച്ചത്. അപേക്ഷാ ഫീസായ രണ്ട് ലക്ഷം രൂപ റീഫണ്ട് ചെയ്യാൻ കഴിയില്ല എന്നതും സർക്കാരിന്റെ വരുമാനം കൂട്ടാനിടയായി. അതേസമയം, ഇന്ന്‌ നടക്കുന്ന നറുക്കെടുപ്പിലൂടെയായിരിക്കും ജില്ലാടിസ്ഥാനത്തിൽ മദ്യ വിൽപ്പനശാലകൾ തിരഞ്ഞെടുക്കുക.

കൂടാതെ, ലൈസൻസ് ലഭിക്കുന്നവർ കട അനുവദിച്ച പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് പ്രതിവർഷം 50 ലക്ഷം രൂപ മുതൽ 1.1 കോടി രൂപ വരെ ലൈസൻസ് ഫീസായി അടക്കണം. വാർഷിക ലൈസൻസ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23-നകം എക്സൈസ് വകുപ്പിൽ അടയ്ക്കണം. ചട്ടങ്ങൾ പ്രകാരം, 5000 വരെ ജനസംഖ്യയുള്ള പ്രദേശത്തെ ഒരു റീട്ടെയിൽ എക്സൈസ് ഷോപ്പ് 50 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശത്ത് റീട്ടെയിൽ ഷോപ്പിന് ലൈസൻസുള്ള ഒരാൾക്ക് പ്രതിവർഷം 1.1 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഒരു വ്യാപാരിയെ സംബന്ധിച്ചിടത്തോളം, മദ്യവിലയുടെ മാർജിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീസ് കുറവാണ്. ഒരു സാധാരണ ബ്രാൻഡിന് മദ്യവിലയുടെ 27 ശതമാനവും പ്രീമിയം ഇനങ്ങൾക്ക് 20 ശതമാനവും അവർക്ക് അധികമായി ഈടാക്കാം.

ലൈസൻസ് അലോട്ട്‌മെന്റിലും സംവരണം ഉണ്ട്. 2,620 മദ്യശാലകൾ അനുവദിക്കുന്നതിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 30 ശതമാനം സംവരണമാണ് (786 ലൈസൻസുകൾ) അനുവദിച്ചിട്ടുളളത്. ഇതിൽ 15 ശതമാനം പരമ്പരാഗതമായി കള്ള് ചെത്തും മദ്യവിൽപ്പനയും നടത്തുന്ന ഗൗഡകൾക്കും 10 ശതമാനം പട്ടികജാതിക്കാർക്കും അഞ്ച് ശതമാനം പട്ടികവർഗക്കാർക്കുമാണ്.

പുതിയ മദ്യശാലകൾക്കുളള ലൈസൻസിനുളള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. നിലവിലുള്ള ലൈസൻസുകൾക്ക് ഡിസംബർ ഒന്ന് വരെ സാധുതയുള്ളതിനാൽ അതിനു ശേഷം പുതിയ ഷോപ്പുകള്‍ക്ക്‌ പ്രവർത്തനം ആരംഭിക്കാം. രണ്ട് വർഷം മുമ്പാണ് അവസാനം ലൈസൻസ് നൽകിയത്. അന്ന് സർക്കാർ സ്വീകരിച്ച 69,000 അപേക്ഷകളിൽ നിന്ന് 1,370 കോടി രൂപയായിരുന്നു ലഭിച്ചത്. അങ്ങനെ നോക്കുമ്പോൾ ഈ വർഷത്തെ കളക്ഷനിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോപ്പ് ലൈസൻസ് ഫീസിലൂടെ സർക്കാരിന് 3500 കോടി രൂപയും ലഭിച്ചു.

ഈ വർഷവും അടുത്ത വർഷവും തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, സാമ്പത്തിക വളർച്ച, ബിസിനസ് ഇവന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയ്‌ക്കൊപ്പം സംസ്ഥാനത്ത് മദ്യ ഉപഭോഗവും വർദ്ധിച്ചുവെന്നും അതിനാൽ കൂടുതൽ ആളുകൾ ബിസിനസിലേക്ക് പ്രവേശിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഹൈദരാബാദിൽ 615 കടകൾക്കായിരിക്കും അനുമതി നൽകുക. ഹൈദരാബാദിലെ ഐടി കോറിഡോറിലുള്ള സെരിലിംഗംപള്ളിയിലും വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഷംഷാബാദ് മേഖലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. സരൂർനഗർ ഏരിയയിലെ ഒരു കടയ്ക്കായി 10,908 അപേക്ഷകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇത്തവണ ആന്ധ്രാപ്രദേശിൽ നിന്നും ഗണ്യമായ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനവും ഇരട്ടിയായിട്ടുണ്ട്. 2015-16ൽ 12,703 കോടി രൂപയായിരുന്നത് 2021-22ൽ 25,585 കോടി രൂപയായാണ് ഉയർന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ വിൽപ്പന നടന്നതായാണ് കണക്കാക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ