INDIA

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് കര്‍ണാടകയില്‍ ഐപിഎസ്- ഐഎഎസ് പോര്; രോഹിണി സിന്ദൂരിയും ഡി രൂപയും നേര്‍ക്ക് നേര്‍

ആദ്യമായാണ് രണ്ടു സര്‍വീസ് ഉദ്യാഗസ്ഥരുടെ പോര്‍വിളിക്ക് കര്‍ണാടകം സാക്ഷിയാകുന്നത്

ദ ഫോർത്ത് - ബെംഗളൂരു

രാഷ്ട്രീയക്കാര്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളില്‍ കൊമ്പു കോര്‍ക്കുന്നത് കര്‍ണാടകയിൽ സ്വഭാവികമാണ്. ബിജെപി -കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കളെല്ലാം ട്വിറ്ററില്‍ ഉള്‍പ്പടെ ട്വീറ്റ് പരമ്പര സൃഷ്ടിച്ച് നേര്‍ക്കുനേര്‍ പോര് വിളിക്കാറുണ്ട്. എന്നാല്‍ ആദ്യമായി രണ്ടു സര്‍വീസ് ഉദ്യോഗസ്ഥരുടെ പോര്‍വിളിക്ക് സാക്ഷിയാകുകയാണ് കര്‍ണാടകം. സംസ്ഥാനത്തെ രണ്ടു വനിതാ ഐ പി എസ് - ഐ എ എസ് ഉദ്യോഗസ്ഥരാണ് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നത്. വിഷയം അഴിമതി ആരോപണമാണെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്.

രോഹിണി സിന്ദൂരി ജിമ്മില്‍ വ്യായാമം ചെയ്യുന്നതും വീടിനുള്ളില്‍ നില്‍ക്കുന്നതും കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു രൂപ പങ്കു വെച്ചത്

കര്‍ണാടക ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരി ഐ എ എസും കര്‍ണാടക കരകൗശല കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡി രൂപ ഐ പി എസും തമ്മിലുള്ള തര്‍ക്കമാണ് പൊതുജനമധ്യത്തിലെത്തി നില്‍ക്കുന്നത്. രോഹിണി സിന്ദൂരിക്കെതിരെ അഴിമതി ആരോപണം ഉള്‍പ്പടെ 20 ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഡി രൂപ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആരോപണങ്ങളോടൊപ്പം ഐ എ എസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങളും ഡി രൂപ പങ്കുവച്ചിരുന്നു.

രോഹിണി സിന്ദൂരി ജിമ്മില്‍ വ്യായാമം ചെയ്യുന്നതും വീടിനുള്ളില്‍ നില്‍ക്കുന്നതും കിടക്കുന്നതുമായ ചിത്രങ്ങളായിരുന്നു രൂപ പങ്കുെവച്ചത്. ഈ ചിത്രങ്ങള്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മൂന്നു സഹപ്രവര്‍ത്തകര്‍ക്ക് രോഹിണി ഇത് അയച്ചു കൊടുത്തിട്ടുണ്ടെന്നുമാണ് ഡി രൂപയുടെ ആരോപണം. ഇതിനെതിരെ അന്വേഷണം വേണമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് രോഹിണി സിന്ദൂരി മൈസൂരു ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കാലത്തു ജെഡിഎസ് എംഎല്‍എ സാ രാ മഹേഷുമായി നിരന്തരം ഏറ്റുമുട്ടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എംഎല്‍എയുടെ കെട്ടിടം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന കണ്ടെത്തല്‍ നടത്തിയ രോഹിണിയെ അന്ന് സ്ഥലം മാറ്റിയിരുന്നു. ഇതേ എംഎല്‍എ യും രോഹിണി സിന്ദൂരിയും ഒരു ഹോട്ടലിൽ ഇരിക്കുന്ന ഫോട്ടോ ഒരു കന്നഡ ടി വി ചാനല്‍ പുറത്തു വിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ഡി രൂപയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്നത് അനൗചിത്യമാണെന്നും പഴയ ശത്രുവുമായി രോഹിണി സിന്ദൂരി ചങ്ങാത്തം സ്ഥാപിച്ചോ എന്നുമാണ് ഡി രൂപയുടെ ചോദ്യം.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ എതിര്‍ ചേരി നിര്‍മിച്ച വ്യാജ ചിത്രങ്ങളാണ് ഡി രൂപ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചതെന്ന് രോഹിണി സിന്ദൂരി പ്രതികരിച്ചു. വനിതാ ഐപിഎസ് ഓഫീസര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ആരോപണ വിധേയയായ രോഹിണി സിന്ദൂരി ഐപിഎസ്. അതേസമയം ഇരുവര്‍ക്കുമിടയിലെ തര്‍ക്കം തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നും ഇടപെടാനില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു .

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ ഇരുവരും പലപ്പോഴും മേലുദ്യോഗസ്ഥരോട് ഏറ്റുമുട്ടിയിട്ടുണ്ട്

കര്‍ണാടകയില്‍ വളരെ ശ്രദ്ധ നേടിയ രണ്ടു സര്‍വീസ് ഉദ്യോഗസ്ഥരാണ് രോഹിണി സിന്ദൂരിയും ഡി രൂപയും. അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാരയില്‍ അടക്കപ്പെട്ട ജയലളിതയുടെ തോഴി ശശികലക്ക് ജയിലില്‍ വിഐപി പരിഗണന കിട്ടുന്നുവെന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയാണ് ഡി രൂപ. രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ ഇരുവരും പലപ്പോഴും മേലുദ്യോഗസ്ഥരോട് ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണ വര്‍ഗത്തിന്റെ കണ്ണിലെ കരടാണ് ഇരുവരും. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ആയിരുന്നു ഇരുവരെയും അപ്രധാന വകുപ്പുകളിലേക്കു സ്ഥലം മാറ്റിയത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍