ലഖിംപൂർഖേരി കൂട്ടക്കൊല കേസിലെ പ്രതികളിലൊരാളായ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ. ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടന്നത് ഹീനവും ഗുരുതരവുമായ കുറ്റകൃത്യമാണെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യുപി അഡീഷണൽ എ ജി ഗരിമ പ്രഷാദ് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, തന്റെ കക്ഷി ഒരു വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്ന് ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. കേസിൽ 208 സാക്ഷികളുണ്ടെന്നും വിചാരണ പൂർത്തിയാകാൻ കുറഞ്ഞത് 5 വർഷമെങ്കിലും എടുക്കുമെന്നും റോത്തഗി ചൂണ്ടിക്കാട്ടി. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാറിൽ കല്ലെറിഞ്ഞ് കർഷകരാണ് എല്ലാത്തിനും തുടക്കമിട്ടതെന്നും റോത്തഗി വാദിച്ചു. എന്നാൽ കൃത്യത്തിൽ ആശിഷ് മിശ്ര ഉൾപ്പെട്ടിട്ടുണ്ടെന്നും നിരപരാധിയല്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ലഖിംപൂര്‍ ഖേരി കേസ് വിചാരണ നീളുമെന്നും വിചാരണ പൂര്‍ത്തിയാകാന്‍ ഏകദേശം അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നുമാണ് വിചാരണ കോടതി സുപ്രീംകോടതിയെ അറിയിച്ചത്. ഡിസംബറില്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ 208 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണുള്ളത്. ഇത്രയും സാക്ഷികളുടെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്നാണ് ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
2021ലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യാനായി ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ ഒത്തുകൂടിയ കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനായ ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റിയത്. മൂന്ന് കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ആശിഷ് മിശ്രയ്ക്ക് പുറമെ 12 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ആശിഷ് മിശ്ര. ഒക്ടോബർ 9ന് അറസ്റ്റിലായ ആശിഷ് മിശ്രയ്ക്ക് ഈ വർഷം ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ഏപ്രിലിൽ സുപ്രീംകോടതി ഇടപെട്ട് ജാമ്യം റദ്ദാക്കുകയും ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ആശിഷ് മിശ്രയ്ക്കെതിരെ സമർപ്പിച്ചത്. ആശിഷ് മിശ്ര, ബന്ധുവായ വീരേന്ദർ ശുക്ല എന്നിവരടക്കം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. പ്രതികൾക്കെതിരെ നിർണായക കണ്ടെത്തലുകളാണ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്നും നടന്നത് വെറും അപകടമല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലഖിംപൂർ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് ഒരു പ്രസംഗത്തിനിടെ അജയ് മിശ്ര കർഷകർ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കിൽ 'രണ്ട് മിനിറ്റിനുള്ളിൽ കർഷകരെ ശരിയാക്കുമെന്ന്' ഭീഷണി ഉയർത്തിയിരുന്നു. കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.