INDIA

'ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് തർക്കമുണ്ടാക്കും, മുസ്ലിങ്ങൾ തെറ്റ് തിരുത്താൻ തയ്യാറാകണം': യോഗി ആദിത്യനാഥ്

ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും യോഗി ആദിത്യനാഥ്

വെബ് ഡെസ്ക്

വാരണാസിയിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം സമൂഹം ചരിത്രപരമായ തെറ്റിന് പരിഹാരം കാണണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി വിഷയത്തിൽ സമാധാനമുണ്ടാകണമെങ്കിൽ തെറ്റുപറ്റിയെന്ന് മുസ്ലിങ്ങൾ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റ് വിത്ത് സ്മിത പ്രകാശ് എന്ന പരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.

മസ്ജിദ് സമുച്ചയത്തിനുള്ളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം. ഹർജിയിൽ ഓഗസ്റ്റ് മൂന്നിന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ തർക്കമുണ്ടാകുമെന്നും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ''ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ തർക്കമുണ്ടാകും. പള്ളിക്കുള്ളില്‍ ത്രിശൂലത്തിന് എന്താണ് സ്ഥാനം. ഞങ്ങള്‍ ആരും അതവിടെ വെച്ചിട്ടില്ല. അവിടെ ജ്യോതിർലിംഗമുണ്ട്. കെട്ടിടത്തിനകത്ത് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ട്''-യോഗി പറഞ്ഞു.

ചരിത്രപരമായ ഈ തെറ്റ് പരിഹരിക്കാന്‍ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് നിര്‍ദേശം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ഈ തെറ്റിന് ഒരു പരിഹാരം ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗ്യാൻവാപി മസ്ജിദ് പരിസരത്ത് സർവേ നടത്തുന്നതിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ ഹർജിയിൽ വിധി പറയുന്നത് വരെ മസ്ജിദ് പരിസരത്തെ സർവേ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിഞ്ഞിരിക്കുന്നതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി വിവാദ സര്‍വേ നടത്താൻ അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതി നിർദേശപ്രകാരമാണ് പിന്നീട് ഇക്കാര്യം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. നേരത്തെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ആരാധനാ അവകാശം തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ കേസ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍