ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി പിൻവലിച്ചത് സമ്മർദ്ദം മൂലമെന്ന് ഗുസ്തി താരങ്ങൾ. പരാതികൾ പിൻവലിക്കാൻ താരങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്നും പരാതിക്കാരെ ബ്രിജ് ഭൂഷൺ സിംഗിന്റെ ആളുകൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാക്ഷി മാലിക്ക് പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗുസ്തി താരങ്ങളുടെ ആരോപണം.
ഇന്നലെ ഒരു വനിതാ താരത്തെ ഫെഡറേഷൻ ഓഫീസിലേക്ക് പോലീസ് കൊണ്ടുപോയി. അവിടെ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷൺ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് അവരോട് പോലീസ് കള്ളം പറഞ്ഞു. ബ്രിജ് ഭൂഷണിനെ പിന്നീട് ഓഫീസിൽ കണ്ടപ്പോൾ അവർ ഭയന്നു പോയി
പരാതി പിൻവലിക്കാനുള്ള നിരന്തര സമ്മർദ്ദം മൂലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് വിഷാദത്തിലായിരുന്നു. അന്വേഷണം അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും മതിയായ ശക്തിയും സ്വാധീനവും ഉള്ളയാളാണ് പ്രതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കസ്റ്റഡിയിൽ വിടണമെന്നും ആദ്യം മുതലേ ആവശ്യപ്പെട്ടത് അത് കൊണ്ടാണ്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷമായ അന്വേഷണം നടത്താനാകില്ല, സാക്ഷി മാലിക് ചൂണ്ടിക്കാട്ടി.
കേന്ദ്ര കായിക മന്ത്രിയുടെ വാഗ്ദാന പ്രകാരം ജൂണ്‍15-നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പിന്നീടുള്ള പ്രക്ഷോഭം 'മഹാപഞ്ചായത്തുമായി ചേർന്ന് ആസൂത്രണം ചെയ്യുമെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി. "അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. ഇന്നലെ ഒരു വനിതാ താരത്തെ ഫെഡറേഷൻ ഓഫീസിലേക്ക് പോലീസ് കൊണ്ടുപോയി. അവിടെ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷൺ അവിടെ ഉണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ ഇല്ലെന്ന് അവരോട് പോലീസ് കള്ളം പറഞ്ഞു. ബ്രിജ് ഭൂഷണെ പിന്നീട് ഓഫീസിൽ കണ്ടപ്പോൾ അവർ ഭയന്നുപോയി " ബജ്റംഗ് പുനിയ കൂട്ടിച്ചേർത്തു.
മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷൺ സിംഗിനെ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു. ഞങ്ങൾ സ്വയം അപകടത്തിലായി. ശക്തമായ കുറ്റപത്രം ഉണ്ടെങ്കിൽ അവർ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുമായിരുന്നു.
പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതായിരുന്നു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരെ ആദ്യം നല്‍കിയ മൊഴി. എന്നാൽ ജൂൺ 5 ന് ആദ്യ മൊഴി പിൻവലിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ പരാതിക്കാരി പുതിയ മൊഴി നൽകി. മൊഴി പുതുക്കി നൽകുക മാത്രമാണ് ചെയ്തതെന്നും കേസ് പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ വിശദീകരിച്ചിരുന്നു. പിന്നാലെയാണ് അതിക്രമം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തിയത്. ദേശീയ ഗുസ്തി ഫെഡറേഷൻ മകളോട് വിവേചനം കാണിച്ചതിനാലാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത് എന്നായിരുന്നു പിതാവിന്റെ വാദം. മൊഴി മാറ്റിയതിന് പിന്നില്‍ ഭയമോ സമ്മർദ്ദമോ ദുരാഗ്രഹമോ ഇല്ലെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി.