രാജ്യത്തെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ നായക സ്ഥാനത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. മുംബൈയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗത്തിന്റെ രണ്ടാം ദിനം നിര്‍ണായക തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നവരുടെ പേരുകളാണ് 'ഇന്ത്യ' സഖ്യത്തിന്റെ നായക സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്. സോണിയ ഗാന്ധി ചെയർപേഴ്സണും നിതീഷ് കുമാർ കൺവീനറുമാകുമെന്നാണ് റിപ്പോർട്ടുകൾ.
സോണിയ ഗാന്ധി ചെയർപേഴ്സണും നിതീഷ് കുമാർ കൺവീനറുമാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ വേഗത്തിൽ പൂർത്തിയാക്കി സജീവമായ പ്രവർത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് 'ഇന്ത്യ'. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ മുംബൈയിൽ നടന്ന ഇന്ത്യയുടെ യോഗത്തിൽ ധാരണയായി. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സീറ്റ് വിഭജനം ഉള്‍പ്പെടെ അജണ്ടയിലെത്തിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതിന്റെയും സംയുക്ത അജണ്ടയുമായി വരേണ്ടതിന്റെ ആവശ്യകതയും ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാർടിയിലെ 63 നേതാക്കളാണ് ചർച്ചയുടെ ആദ്യദിവസം മുംബൈയിൽ ഒത്തുകൂടിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും ഉൾപ്പെടെയുള്ള നേതാക്കൾ സീറ്റ് വിഭജനം ചർച്ച ചെയ്യാൻ ഇനിയും സമയം പാഴാക്കരുതെന്ന നിലപാട് എടുത്തിരുന്നു. സീറ്റ് പങ്കിടുന്നതില്‍ കടുംപിടിത്തത്തിന് ഇല്ലെന്ന നിലപാടാണ് ആംആദ്മി കൈക്കൊണ്ടത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ)എതിരെ പോരാടാൻ ചില കാര്യങ്ങൾ ത്യജിക്കാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ യോഗത്തിൽ പറഞ്ഞു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏകോപന സമിതികൾ. സംയുക്ത പ്രചാരണങ്ങൾക്കും റാലികൾക്കും വേണ്ടി ഉപസമിതികള്‍ തുടങ്ങിയവ രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. തിരഞ്ഞെടുപ്പ് വേഗത്തിലാകാനുള്ള സാധ്യതയുള്ളതിനാൽ യോഗങ്ങൾ കൊണ്ട് മാത്രം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കില്ലെന്നാണ് നേതാക്കളുടെ പൊതുവികാരം.
ഇന്ത്യ സഖ്യത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഏകോപന സമിതികളുടെ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കണമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്യുകയാണെന്നും തങ്ങളുടെ അഹംഭാവം മാറ്റിവെച്ച് പാർട്ടികളുടെ താൽപ്പര്യത്തേക്കാൾ രാജ്യ താത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ലാലു പ്രസാദ് യാദവ് യോഗത്തില്‍ അവശ്യപ്പെട്ടു. ബിജെപിക്കെതിരെ വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകപ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ലോഗോ അനാച്ഛാദനം ചെയ്യും. യോഗത്തിന് ശേഷം നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കുകയും സംയുക്തമായി പത്രസമ്മേളനം നടത്തുകയും ചെയ്യും.