സൈബർ കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ വിവിധ തെക്ക്- കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസയിൽ പോയി തിരികെ വരാതെ മുപ്പതിനായിരത്തോളം ഇന്ത്യക്കാർ. ഇവർ സൈബർ തട്ടിപ്പ് സംഘങ്ങളുടെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്നാണ് സംശയിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സമാഹരിച്ച ഡാറ്റയിലാണ് ഈ പുതിയ വിശദാംശങ്ങൾ പുറത്തുവന്നത്.
ഹോങ്കോങ്, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മ്യാൻമർ ഉൾപ്പെടെയുള്ള പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും സൈബർ തട്ടിപ്പ് സംഘങ്ങളുടെ കേന്ദ്രങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ഉയർന്ന ശമ്പളമുള്ള തൊഴിൽ വാഗ്ദാനം നൽകി, ഈ രാജ്യങ്ങളിലെത്തിച്ച് ഓൺലൈൻ തട്ടിപ്പുകാർക്ക് വേണ്ടി നിർബന്ധപൂർവം പണിയെടുപ്പിക്കുന്നത്. 5,000-ത്തിലധികം ഇന്ത്യക്കാർ കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ കണക്കുകൾ പ്രകാരം ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള 45 ശതമാനം സൈബർ കുറ്റകൃത്യങ്ങളും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നാണ്
2022 ജനുവരി മുതൽ 2024 മെയ് വരെ സന്ദർശക വിസയിൽ കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് പോയ 73,138 ഇന്ത്യക്കാരിൽ 29,466 പേരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. ഇവരിൽ പകുതിയിലേറെയും (17,115) 20-39 വയസ്സിനിടയിലുള്ളവരാണ്. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കാണാതായവരെ കുറിച്ചുള്ള ഗ്രൗണ്ട് ലെവൽ വെരിഫിക്കേഷൻ നടത്താനും ഈ ആളുകളുടെ വിശദാംശങ്ങൾ തേടാനും നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം മാർച്ചിന് മുൻപുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 500 കോടി രൂപയുടെ തട്ടിപ്പാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സംഘങ്ങൾ നടത്തിയത്. കുറ്റകൃത്യങ്ങൾക്ക് തടയിടാനായി 21.7 ദശലക്ഷം മൊബൈൽ ഫോൺ കണക്ഷനുകൾ വിച്ഛേദിക്കാനും ഏകദേശം 2,26,000 ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാനും രാജ്യത്തെ ടെലികോം മന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ കണക്കുകൾ പ്രകാരം ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള 45 ശതമാനം സൈബർ കുറ്റകൃത്യങ്ങളും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നാണ്. 2023 ജനുവരി മുതൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഏകദേശം 1,00,000 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ ഡാറ്റാ എൻട്രി ജോലികൾക്കായാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. അവിടെയെത്തിക്കഴിഞ്ഞാൽ ഉടനെ അവരുടെ പാസ്‌പോർട്ടുകൾ ഈ കമ്പനികൾ പിടിച്ചുവയ്ക്കുകയും തുടർന്ന് സൈബർ തട്ടിപ്പിനായുള്ള വിവിധ പ്രവർത്തനങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യും. ഹണി ട്രാപ് ഉൾപ്പെടെയുള്ള തട്ടിപ്പുകളാണ് നടക്കുന്നത്.