INDIA

16 കോടി രൂപയുടെ കുരുമുളകും അടയ്ക്കയും മോഷ്ടിച്ചു; മൂന്നുപേർ അറസ്റ്റില്‍

വെബ് ഡെസ്ക്

16 കോടി രൂപ വില വരുന്ന കുരുമുളകും അടയ്ക്കയും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. സഞ്ജയ് സാബ്‌ലെ, ആല്‍വിന്‍ സല്‍ദാന, പ്രസാദ് കുർഹാഡെ എന്നിവരാണ് പിടിയിലായത്. പന്‍വേല്‍, പൂനെ, നെരുല്‍ സ്വദേശികളാണ് ഇവർ. നവി മുംബൈയില്‍ വെച്ച് പന്‍വേല്‍ പോലീസാണ് മൂവരെയും പിടികൂടിയത്.

കസ്റ്റംസ് ക്ലിയറന്‍സിനായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കുരുമുളകും അടയ്ക്കയുമാണ് മോഷണം പോയത്. കപ്പലുകള്‍ വഴി ചരക്കുകള്‍ ഇറക്കുമതി ചെയ്ത് കസ്റ്റംസിന്റെ ഗോഡൗണില്‍ സൂക്ഷിക്കുകയും ഡ്യൂട്ടി അടയ്ക്കാതെ അവ മോഷ്ടിച്ച് വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്ന വലിയ സംഘത്തിന്റെ ഭാഗമാണ് അറസ്റ്റിലായവരെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.

മോഷണം പോയ കുരുമുളകും അടയ്ക്കയും 16.06 കോടി രൂപ വരുന്നതാണെന്നാണ് കസ്റ്റംസ് എഫ്ഐആറില്‍ പറയുന്നത്. ആല്‍ഫ ഇൻഡസ്ട്രീസ്, ഹൈലാന്‍ഡ് ഇന്റർനാഷണല്‍ കമ്പനി, ഫ്യൂച്ചർ ഫാസ്റ്റ് ഇന്റർനാഷണല്‍ എന്നീ കമ്പനികളുടേതാണ് ഉത്പന്നങ്ങള്‍. ഉടമകളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല.

മൂന്ന് പ്രതികളും സംഘവും കുരുമുളകും അടയ്ക്കയും ഇറക്കുമതി ചെയ്യാന്‍ ഓർഡർ നല്‍കുകയും കസ്റ്റംസ് ഡ്യൂട്ടി നല്‍കാതെ അനധികൃതമായി കടത്താന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

ഒരു ഇറക്കുമതിക്കാരന്റെ നിർദേശപ്രകാരമാണ് പ്രസാദ് പ്രവർത്തിച്ചതെന്നും ഗൂഢാലോചന നടത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇരുവരും ആല്‍വിനെയും സഞ്ജയ്‌യെയും 2022 മധ്യത്തോടെയാണ് മോഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ആല്‍വിനും സഞ്ജയ്ക്കും ലോജിസ്റ്റിക്ക് കമ്പനിയാണ് ഉണ്ടായിരുന്നത്. 15,000 ചതുരശ്ര അടിയുള്ള ഗോഡൗണ്‍ വാടകയ്ക്കെടുക്കാന്‍ ഇരുവരോടും പ്രസാദും ഇറക്കുമതിക്കാരനും ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കസ്റ്റംസ് ഗോഡൗണാക്കി മാറ്റുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നാവ ഷെവ പോർട്ടില്‍ 2022 ഡിസംബറിലാണ് ചരക്കെത്തിയത്. ഇറക്കുമതിക്കാരന്റെ മധ്യസ്ഥനായ പ്രസാദ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാത്തതിനാല്‍ ഗോഡൗണില്‍ ഇവ സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുകയായിരുന്നു. രേഖകള്‍ ഹാജരാക്കിയശേഷം കുരുമുളകും അടയ്ക്കയും ഗോഡൗണിലെത്തിച്ചു. ആ മാസം തന്നെ ആല്‍ഫ ഇന്‍ഡസ്ട്രീസിന്റെ 6.33 കോടി രൂപ മൂല്യം വരുന്ന ചരക്കുകള്‍ മോഷ്ടിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോഷണം അറിയാതിരിക്കാന്‍ സമാനരൂപത്തിലുള്ള ചാക്കുകള്‍ തിരിച്ചുവെക്കുകയും ചെയ്തു. എന്നാല്‍ അധികൃതർ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും പ്രതികളിലേക്കെത്തിയതും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും