പ്രതീകാത്മക ചിത്രം 
INDIA

മണിപ്പൂർ: നിലയ്ക്കാതെ തീവയ്പും വെടിവയ്പും, ആംബുലൻസ് ആക്രമിച്ച് അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെ ചുട്ടുകൊന്നു

പൂർണമായും കത്തിനശിച്ച ആംബുലൻസിൽനിന്ന് കുറച്ച് അസ്ഥികൾ മാത്രമാണ് വീണ്ടെക്കാനായതെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്

വെബ് ഡെസ്ക്

മേയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പുരിൽ ആംബുലൻസ് ആക്രമിച്ച് മൂന്നുപേരെ ചുട്ടുകൊന്നു. പോലീസ് അകമ്പടിയോടെ രോഗിയുമായി ആശുപത്രിയിലേക്കുപോയ ആംബുലൻസിന് ജനക്കൂട്ടം തീയിട്ടതിനെത്തുടർന്ന് അമ്മയും കുഞ്ഞും ബന്ധുവുമാണ് കൊല്ലപ്പെട്ടത്.

കുക്കി സമുദായക്കാരനെ വിവാഹം ചെയ്ത മേയ്തി വിഭാഗത്തിൽപ്പെട്ട മീന ഹാങ്സിങ് (45), എട്ട് വയസുള്ള മകൻ ടോൺസിങ് ഹാങ്സിങ്, മീനയുടെ ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് കൊല്ലപ്പെട്ടത്. ലാംഫെൽ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇംഫാൽ വെസ്റ്റിലെ ഇറോയിസെംബയിലാണ് ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

ആക്രമണത്തിൽ മൂന്നുപേർ മരിച്ചതായി പ്രദേശവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. പൂർണമായും കത്തിനശിച്ച ആംബുലൻസിൽ നിന്നും കുറച്ച് അസ്ഥികൾ മാത്രമാണ് വീണ്ടെക്കാനായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

കാങ്ചുപ്പിലെ അസം റൈഫിൾസിന്റെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞുവരികയായിരുന്നു ആക്രമിക്കപ്പെട്ടവർ. ജൂൺ നാലിന് പ്രദേശത്തുണ്ടായ വെടിവയ്പിൽ എട്ട് വയസുകാരനായ ടോൺസിങ്ങിന് വെടിയേറ്റു. കുട്ടിയുടെ മാതാപിതാക്കൾ വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ കുക്കി സമുദായത്തിന്റെ പരിധിയിലുള്ള ആശുപത്രിയിൽനിന്ന് മാറി ഇംഫാലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിന് തീയിട്ടത്.

കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത അസം റൈഫിൾസ് കമാൻഡർ ഇംഫാൽ പോലീസുമായി സംസാരിച്ച് ആംബുലൻസ് ഏർപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് മണിക്കൂറുകൾ വെടിവയ്പും സംഘർഷവും തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സുഗ്നുവിലും സെറോവിലും നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട്. തീവയ്പിനും വെടിവയ്പിനും പുറമെ പതിയിരുന്ന് ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഘർഷപ്രദേശങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കുക്കി വിമതരുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ മൂവായിരത്തി അഞ്ഞൂറിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

തുടർച്ചയായുണ്ടാകുന്ന അക്രമത്തെ തുടർന്ന് ഇരുപതിനായിരത്തോളം കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയും സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി