INDIA

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

ബിഷ്ണപൂര്‍ ജില്ലയിലെ നരന്‍സിന ഗ്രാമത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്കിടയിലും സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. പുതിയ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ബിഷ്ണപൂര്‍ ജില്ലയിലെ നരന്‍സിന ഗ്രാമത്തിൽ ഇന്നലെയുണ്ടായ വെടിവെയ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരുക്കേറ്റു.

ഖൊയ്‌റന്‍ടക്കില്‍ പോലീസ് ആക്രമണത്തില്‍ ഗ്രാമത്തിന് കാവല്‍നിന്ന ഒരു കുക്കി യുവാവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ, നാല് മാസത്തോളമായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഇന്ന് നടക്കാനിരിക്കെയാണ് പുതിയ ആക്രമണങ്ങൾ.

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെയാണ് നിയമസഭാസമ്മേളനം നടക്കുന്നത്

നരന്‍സിനയില്‍ പാടത്ത് പണിയെടുക്കുന്നവർക്കുനേരെയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. കുക്കി കലാപകാരികളാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. മരിച്ച രണ്ടു പേരും മെയ്തി വിഭാഗത്തില്‍ പെടുന്നവരാണ്. പരുക്കേറ്റവരെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിച്ചെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പിലാണ് കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പണിക്കിറങ്ങിയത്.

ഖൊയ്‌റന്‍ടക്കില്‍ നടന്ന ആക്രമണത്തില്‍ ജംഗ്മിന്‍ലുന്‍ ഗാങ്‌ടെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഖൊയ്‌റന്‍ടക് മേഖലയ്ക്കും തിനംഗേയ് മേഖലയ്ക്കും ഇടയില്‍ കനത്ത വെടിവയ്പാണ് നടക്കുന്നതെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തിനംഗേയില്‍ മലയടിവാരത്തില്‍ കലാപകാരികളെന്ന് സംശയിക്കുന്നവരില്‍നിന്ന് ഒരു കര്‍ഷകനും വെടിയേറ്റിട്ടുണ്ട്.

നെല്‍വയലിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. നെഞ്ചില്‍ വെടിയേറ്റ കര്‍ഷകനെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 18 ന് ഉഖ്രൂളിലെ തവായ് കുക്കി ഗ്രാമത്തില്‍ മൂന്ന് ഗ്രാമ വളന്റിയര്‍മാര്‍ കൊല്ലപ്പെട്ടതിന് 10 ദിവസത്തിന് ശേഷമാണ് ഈ ആക്രമണം നടക്കുന്നത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം