INDIA

ഉദ്യോഗസ്ഥയോട് മോശമായി സംസാരിച്ചു, ബംഗാൾ ജയിൽ മന്ത്രിയോട് രാജി ആവശ്യപ്പെട്ട് മമത

മന്ത്രി അഖിൽ ഗിരി ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്

വെബ് ഡെസ്ക്

വനിതാ വനം വകുപ്പ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് പശ്ചിമ ബംഗാൾ ജയിൽ വകുപ്പ് മന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ജയിൽ വകുപ്പ് മന്ത്രി അഖിൽ ഗിരി ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് രാജി വയ്ക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

തൃണമൂൽ സംസ്ഥാന അധ്യക്ഷൻ സുബ്രത ബാക്ഷി നേരിട്ട് അഖിൽ ഗിരിയെ വിളിച്ച് ഉദ്യോഗസ്ഥയോട് നിരുപാധികം മാപ്പുപറയാനും രാജി സമർപ്പിക്കാനും ആവശ്യപ്പെട്ടു എന്നാണ് തൃണമൂൽ വക്താവ് ശാന്തനു സെൻ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിക്കുന്നത്.

വനം വകുപ് ഉദ്യോഗസ്ഥയായ മനീഷ ഷായോട് അഖിൽ ഗിരി മോശമായ ഭാഷയിൽ സംസാരിക്കുന്നതാണ്‌ വിഡിയോയിൽ ഉള്ളത്. മോശമായ ഭാഷയുപയോഗിച്ചു എന്ന് മാത്രമല്ല, തന്റെ സ്ഥലത്തേക്ക് വന്നാൽ നിങ്ങൾക്ക് ഒരിക്കലും പുറത്ത് പോകാൻ സാധിക്കില്ല എന്നും, നിങ്ങൾ ഒരു സർക്കാർ ജോലിക്കാരിയായതുകൊണ്ടുതന്നെ തലകുനിച്ച് നിന്ന് സംസാരിക്കണമെന്നുമായിരുന്നു അഖിൽ ഗിരിയുടെ ഭാഷയിലെ ധാർഷ്ട്യം. അതിന്റെ കൂട്ടത്തിൽ 'ഉളുപ്പില്ലാത്തവൾ' എന്നും 'മൃഗ'മെന്നും മന്ത്രി ഉദ്യോഗസ്ഥയെ അഭിസംബോധന ചെയ്തു. ഒരു വടികൊണ്ട് തല്ലുകൊണ്ടാൽ മാത്രമേ നിങ്ങൾക്കത് മനസിലാവുകയുള്ളു എന്നും അഖിൽ ഗിരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥയോടാണ് മന്ത്രി മോശമായി പെരുമാറിയത്.

നിങ്ങൾ അധികകാലം സർക്കാർ സർവീസിൽ ഉണ്ടാകില്ലെന്നും, എന്തൊക്കെ അഴിമതിയാണ് വനം വകുപ്പിൽ നടക്കുന്നത് എന്ന് തനിക്ക് അറിയാമെന്നും പറഞ്ഞ മന്ത്രിയോട് താൻ തന്റെ ഡ്യൂട്ടി മാത്രമാണ് നിർവഹിക്കുന്നത് എന്ന് ഉദ്യോഗസ്ഥ മറുപടി പറഞ്ഞു. അപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെയല്ല സംസാരിക്കേണ്ടത് എന്നും, തലതാഴ്ത്തി മാത്രമേ സംസാരിക്കാവൂ എന്നും മന്ത്രി ശബ്ദമുയർത്തി പറഞ്ഞു.

എന്നാൽ പാർട്ടി നിർദേശിച്ചിട്ടും ഉദ്യഗസ്ഥയോട് മാപ്പുപറയാൻ അഖിൽ ഗിരി തയ്യാറായിട്ടില്ല. പകരം തന്റെ ഭാഷാപ്രയോഗത്തിൽ ഖേദമുണ്ടെന്നും തന്റെ രാജിക്കത്ത് അടുത്ത ദിവസം നേരിട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് കൈമാറുമെന്നും മന്ത്രി അഖിൽ ഗിരി അറിയിച്ചു.

അഖിൽ ഗിരിയെ പോലുള്ളവരുടെ പെരുമാറ്റം പാർട്ടി അംഗീകരിക്കില്ലെന്നും, ഈ പെരുമാറ്റം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും, തൃണമൂൽ നേതാവും ഔദ്യോഗിക വക്താവുമായ ജയപ്രകാശ് മജൂംദാർ പറഞ്ഞു. വിവാദത്തിൽപെട്ട മന്ത്രി അഖിൽ ഗിരി 2022ൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് നടത്തിയ പരാമർശം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍