INDIA

സ്‌നൈപ്പർമാർ, സ്‌പോട്ടർമാർ, എഫ്ആർ ക്യാമറകൾ; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

വെബ് ഡെസ്ക്

സ്വാതന്ത്ര്യ ദിനത്തിന് ഒരു മാസം മാത്രം അവശേഷിക്കെ ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. സ്‌നൈപ്പർമാർ, സ്‌പോട്ടർമാർ, എഫ്ആർ സിസിടിവി ക്യാമറകൾ എന്നിവ വിന്യസിച്ച് സുരക്ഷ ശക്തമാക്കാനാണ് പോലീസിന്റെ പദ്ധതി. ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ ആളുകളെ പരിശോധിക്കാൻ ആപ്ലിക്കേഷൻ ഉപയോഗിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

മുൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ സ്‌നൈപ്പർമാർക്ക് മുൻഗണന നൽകാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് യോഗം നടന്നിരുന്നു. ഇതിൽ ട്രംപിനെതിരായ ആക്രമണം ചർച്ച ചെയ്തതായും, പോലീസ് കമ്മീഷണർ സഞ്ജയ് അറോറ കർശനമായ സുരക്ഷ ഒരുക്കുന്നതിന് ഊന്നൽ നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജി 20 ഉച്ചകോടിക്കിടെ വിദേശ വിശിഷ്ട വ്യക്തികളെ സംരക്ഷിക്കുന്നതിനായി വാടകയ്‌ക്കെടുത്ത ഡ്രഗുനോവ് എസ്‌വിഡി റൈഫിളുകളുള്ള സ്‌നൈപ്പർമാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ റൈഫിളുകൾക്ക് 800 മീറ്ററിലധികം പ്രായോഗിക കൃത്യതയുണ്ട്.

ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി സ്‌പോട്ടറുകൾ, മുഖം തിരിച്ചറിയൽ സംവിധാനം (എഫ്ആർഎസ്) ഉള്ള സിസിടിവി ക്യാമറകൾ, ഡ്രോണുകൾ എന്നിവയുടെ ഉപയോഗം ഇതിനകം തന്നെ പദ്ധതിയിലുണ്ട്.എഫ്ആർഎസ് ഘടിപ്പിച്ച ക്യാമറകൾ ഡൽഹിയിൽ നാലഞ്ചു വർഷമായി ഉപയോഗത്തിലുണ്ടെന്നും ഈ വർഷം അവയുടെ എണ്ണം 1000 ആയി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. വേദിക്ക് ചുറ്റുമുള്ള താമസക്കാർ ഉൾപ്പെടെയുള്ള ആളുകളുടെ പരിശോധനയ്ക്കായി ആപ്പിൻ്റെ രൂപത്തിൽ ഈ വർഷം ഒരു പുതിയ സുരക്ഷാ ഫീച്ചർ ചേർത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വേദിക്ക് ചുറ്റുമുള്ള ആളുകളെയും തൊഴിലാളികളെയും കടയുടമകളെയും പരിശോധിക്കുന്നതിനാണ് 'ഇ-പരിക്ഷൻ' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത്. ചെങ്കോട്ടയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ആസൂത്രണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) എംകെ മീണ പിടിഐയോട് പറഞ്ഞു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ആളുകളുടെ പരിശോധനയ്‌ക്കായി പോലീസ് സേനയുടെ ആന്തരിക ഉപയോഗത്തിനുള്ളതാണ് ഈ ആപ്ലിക്കേഷൻ. പരിശോധനാ പ്രക്രിയ കാര്യക്ഷമമാക്കാൻ ഈ സാങ്കേതികവിദ്യ ഞങ്ങളെ സഹായിക്കുന്നു, ഇത് മൂലം ആളുകളുടെ ഐഡൻ്റിറ്റി ആധികാരികമായി പരിശോധിക്കാൻ ആകുന്നു," മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ ആപ്പ് ആദ്യമായി ഉപയോഗിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെങ്കിൽ, സ്ഥിരീകരണത്തിനായി ഇത് നഗരത്തിലുടനീളം ഉപയോഗിക്കാമെന്നും ഓഫീസർ പറഞ്ഞു.

അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ചെങ്കോട്ടയ്ക്കും മധ്യ, വടക്കൻ ഡൽഹിയിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും വിന്യസിക്കാൻ പോലീസ് പദ്ധതിയിട്ടിട്ടുണ്ട്. ദീർഘദൂര ആയുധങ്ങൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് ധാരാളം മണൽ ചാക്കുകൾ ക്രമീകരിക്കും. അർധസൈനിക വിഭാഗങ്ങളുള്ള രഹസ്യാന്വേഷണ ഏജൻസികൾ സംഭവങ്ങൾക്കിടെ ഏത് തരത്തിലുള്ള ഭീഷണിയും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?