രാജ്യത്തിന്റെ കാതുകള്‍ ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലായിരുന്നു. 'മോദി'പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ഉത്തരവിന്റെ വിധിയെന്താകുമെന്നായിരുന്നു അറിയേണ്ടത്. പക്ഷേ, ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കുന്നതിലേക്ക് വരെയെത്തിച്ച ആ ഉത്തരവിന് സ്റ്റേയില്ല. രണ്ട് വർഷം തടവിന് ശിക്ഷിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ തള്ളിയതോടെ ഇനി രാഹുലിന് മുന്നിലുള്ള ആശ്രയം സുപ്രീംകോടതിയാണ്.
ഭാരത് ജോഡോ യാത്ര നല്‍കിയ ആത്മവിശ്വാസവും അതിന്റെ അലയൊലികളുമടങ്ങുന്നതിന് മുൻപായിരുന്നു സൂറത്ത് സിജെഎം കോടതിയില്‍ നിന്ന് രാഹുലിന് അപ്രതീക്ഷിതമായ തിരിച്ചടി കിട്ടിയത്. ശിക്ഷാകാലാവധി കഴിഞ്ഞുള്ള ആറ് വര്‍ഷം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ അയോഗ്യത എന്നത് സൃഷ്ടിക്കുന്നത് ചെറിയ ഭവിഷ്യത്തുകളാകില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടി തന്നെയാണ് വിധി. മുന്നില്‍ നിന്ന് നയിക്കാനുള്ള നേതൃത്വത്തിന്റെ അഭാവം ചില്ലറ പ്രതിസന്ധിയാകില്ല പാർട്ടിക്ക് മുന്നില്‍ വരച്ചിടുന്നത്. ജോഡോ യാത്രയ്ക്ക് ശേഷം ലഭിച്ച "ഒറ്റയാള്‍" ഇമേജ് കോൺഗ്രസിന് ഗുണമാകുമെന്ന കണക്കുകൂട്ടലുകള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് അയോഗ്യത.
'എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നു?'
നാള്‍ വഴികള്‍ പരിശോധിച്ചാല്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കേസിനാസ്പദമായ പ്രസംഗം. 2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
'എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി ...ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നതെങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും.' നരേന്ദ്രമോദിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു പരാമർശം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുൻ ചെയർമാൻ ലളിത് മോദി, സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ പേരിനൊപ്പം മോദി എന്ന പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
പരാമർശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പൂർണേഷ് മോദി മാനനഷ്ട കേസ് കൊടുത്തതോടെ കളി മാറി. തുടർന്ന് രാഹുലിനെയുള്‍പ്പെടെ വിളിച്ചുവരുത്തി കോടതി വാദം കേട്ടു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി രാഹുൽ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കിയിരുന്നു. പിന്നീട് 2019 ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു.
ഇതിനിടെ ഒരു തവണ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിഡിയുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ രാഹുല്‍ ഹാജരാകണമെന്ന ആവശ്യം വിചാരണക്കോടതി നിരാകരിച്ചതിനെ തുടർന്നായിരുന്നു അത്. ഇവിടെയും ചോദ്യങ്ങളുയരുന്നു. വിചാരണ നീട്ടിവയ്ക്കണമെന്ന പൂർണേഷ് മോദി ആവശ്യപ്പെട്ടത് എന്തിനാണ്? ഒരു വർഷത്തോളം നടപടികള്‍ നീട്ടിവയ്പ്പിച്ചത് എന്ത് ലക്ഷ്യം വച്ചാണ്?
2022 മാർച്ചിലാണ് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത്. പിന്നീട് പരാതിക്കാരൻ തന്നെ ലഭ്യമായ തെളിവുകളില്‍ സംതൃപ്തനാണെന്ന് അറിയിച്ച് രംഗത്തുവന്നു. 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം ഫെബ്രുവരി 16ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ, 2023 ഫെബ്രുവരിയില്‍ വിചാരണ നടപടി പുനരാരംഭിച്ചു. രണ്ട് മാസത്തിനകം വാദം പൂർത്തിയായി. മൊഴി നല്‍കാനും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും രാഹുല്‍ കോടതിയിലെത്തിയിരുന്നു.
അപ്രതിക്ഷീത തിരിച്ചടി
അന്തിമവാദം കേട്ട ശേഷം രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചത് മാർച്ച് 23നാണ്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചു.
ബിജെപി ഇച്ഛിച്ചതും കോടതി കല്‍പ്പിച്ചതും
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന് ലണ്ടനില്‍ നടത്തിയ വിവാദ പ്രസംഗത്തിന് രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രാഹുലിനെ പാർലമെന്റില്‍ പ്രസംഗിക്കാൻ അനുവദിക്കാതിരുന്ന അതേസമയത്താണ് സൂറത്ത് കോടതിയുടെ വിധിയും വരുന്നത്. റഫാല്‍ കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ കാവല്‍ക്കാരൻ കള്ളൻ (ചൗക്കീദാർ ചോർ ഹേ) ആണെന്ന് പരാമർശിച്ചതിന്, മുൻപ് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ മാപ്പ് പറഞ്ഞിരുന്നു. ആ കേസിലെ സുപ്രീംകോടതിയുടെ മുന്നറിയിപ്പുകള്‍ രാഹുല്‍ അവഗണിച്ചെന്നും സൂറത്ത് കോടതി നിരീക്ഷിച്ചിരുന്നു. എംപിയായിരിക്കെ ഇത്തരം പരാമർശങ്ങളില്‍ പരമാവധി ശിക്ഷ വേണമെന്നായിരുന്നു കോടതി നിലപാട്.
ഫെബ്രുവരിയില്‍ ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും, കേന്ദ്ര സര്‍ക്കാരിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തിയത് ഗുരുതരമായ ആക്ഷേപങ്ങളായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ആസൂത്രിതമായ നീക്കമെന്നാരോപിച്ച് രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചു. മോദി സർക്കാരിന്റെ അടിച്ചമർത്തല്‍ രാഷ്ട്രീയത്തിനെതിരെ പരക്കെ വിമർശനങ്ങളുയർന്നു.
ഇങ്ങനെയൊരു വിധി ആകാമോ?
അസാധാരണമായ വിധിയെന്നാണ് രാജ്യത്തെ നിയമവിദഗ്ധർ പലരും അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക്, അയാള്‍ക്കെതിരായ അപകീർത്തി പരാമർശത്തില്‍ പരാതിപ്പെടാം, കേസ് കൊടുക്കാം. ഇവിടെ മോദി പരാമർശത്തില്‍ പരാതിക്കാരനെതിരെ നേരിട്ട് ബന്ധമില്ലെന്നിരിക്കെ, ഹർജിക്കും തുടർന്നുള്ള വിധിക്കുമുള്ള സാധുത പരിശോധിക്കണമെന്ന ആവശ്യവും വ്യാപകമായി ഉന്നയിക്കപ്പെട്ടു.
ഇടക്കാല സ്റ്റേ അനുവദിച്ചില്ല
പിന്നാലെ, രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
'സത്യം പറഞ്ഞതിനുള്ള വില'; ഔദ്യോഗിക വസതിയൊഴിഞ്ഞു
പന്ത്രണ്ടാം തുഗ്ലക് ലെയിനിന്റെ ഗേറ്റിനകത്ത് കടക്കാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. 2004ൽ ആദ്യമായി എംപിയായ ശേഷം എല്ലാ ഉയർച്ച താഴ്ചകൾക്കും സാക്ഷ്യം വഹിച്ച വസതി, കഴിഞ്ഞ നാല് വർഷം വയനാട് എംപിയുടേതായിരുന്ന ഔദ്യോഗിക വസതി. ലോക്സഭാംഗത്വം നഷ്ടപ്പെട്ടതോടെ രാഹുല്‍ അവിടെ നിന്ന് പടിയിറങ്ങി. 'സത്യം പറഞ്ഞതിനുള്ള വിലയാണിത്. ജനങ്ങള്‍ തന്ന വീടാണ്, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും' എന്നായിരുന്നു പടിയിറങ്ങുമ്പോഴുള്ള പ്രതികരണം.
തോറ്റ് പിന്മാറില്ല, വീണ്ടും കോലാറില്‍
കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് 'സത്യമേവ ജയതേ യാത്ര' നയിക്കാൻ രാഹുൽ ഗാന്ധി വീണ്ടും കോലാറിലെത്തി. 2019ലെ വിവാദ പ്രസംഗത്തിന് വേദിയായ കോലാറിലെ അതേ മൈതാനത്ത് രാഹുൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു.
"പ്രധാനമന്ത്രി നരേന്ദ്രമോദി പണമെല്ലാം ഒഴുക്കുന്നത് അദാനിക്ക് വേണ്ടിയാണ്. അദാനിയുമായി മോദിയുടെ ബന്ധമെന്തെന്ന് ചോദിച്ചതിനാണ് ലോക്സഭയിൽ മൈക്ക് ഓഫ് ചെയ്തത്. വിമാനത്താവള നടത്തിപ്പിൽ ഒരു മുൻ പരിചയവുമില്ലാത്തയാൾക്കാണ് രാജ്യത്തെ വിമാത്താവളങ്ങൾ തീറെഴുതി കൊടുത്തിരിക്കുന്നത് . പ്രധാന മന്ത്രി ഏത് വിദേശ രാജ്യത്ത് പോയാലും അവിടുത്തെ പ്രധാന കരാറുകളെല്ലാം അദാനിക്ക് കിട്ടുകയാണ്. "
മോദിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആവർത്തിച്ചുള്ള ആ പ്രസംഗം ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.