ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് രാഹുൽ ശിവശങ്കർ ചാനലിൽ നിന്നും രാജിവച്ചു. എഡിറ്റോറിയൽ ഗ്രൂപ്പുൾപ്പെടെ ടൈംസ് നൗവിന്റെ എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും രാഹുൽ ഒരു മുൻകൂർ അറിയിപ്പും കൂടാതെ പുറത്തുപോയതായാണ് റിപ്പോർട്ട്. ചാനൽ മാനേജ്‌മെന്റിലെ മുതിർന്ന അംഗം രാഹുൽ ചാനൽ വിട്ടതായുള്ള വാർത്ത സ്ഥിരീകരിച്ചു. രാഹുലിന്റെ ട്വിറ്റർ ബയോ 'എഡിറ്റർ-ഇൻ-ചീഫ് ടൈംസ് നൗ, 2016 മുതൽ 2023 വരെ' ആയി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ചാനലിന്റെ ചുമതല ഗ്രൂപ്പ് എഡിറ്റർ നാവിക കുമാറിനായിരിക്കും.
2005-ലാണ് രാഹുൽ ടൈംസ് നൗവിലെത്തുന്നത്. പിന്നീട് 2013 മുതൽ 2016 വരെ അദ്ദേഹം ഗ്രൂപ്പ് വിട്ട് ന്യൂസ് എക്‌സിന്റെ എഡിറ്റർ-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചിരുന്നു. 2016-ൽ ടൈംസ് നൗവിൽ നിന്ന് അർണാബ് ഗോസ്വാമി വിടപറഞ്ഞതിന് ശേഷം രാഹുൽ ചാനലിൽ തിരിച്ചെത്തുകയും എഡിറ്റർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട്, ടൈംസ് നൗവിൽ ന്യൂസ് അവർ എന്ന പ്രൈംടൈം ഷോ അവതാരകനായിരുന്നു. ദൃശ്യ മാധ്യമ രംഗത്ത് 20 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം ഹെഡ്‌ലൈൻസ് ടുഡേ, ഇന്ത്യ ടുഡേ എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
ടൈംസ് നൗവിന്റെ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിന്റെ തുടർച്ചയാണ് രാഹുലിന്റെ രാജി എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ചാനലിന്റെ ഉന്നത മാനേജ്മെന്റുമായുണ്ടായ അസ്വാരസ്യങ്ങളാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്. രാഹുലിനെ പുറത്താക്കിയതാണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രാഹുൽ സ്വമേധയാ രാജിവച്ചതാണോ അതോ ചാനൽ പുറത്താക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ചാനൽ വിട്ടത് സംബന്ധിച്ച വാർത്തകളോട് രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016-ൽ ടൈംസ് നൗവിൽ നിന്ന് അർണാബ് ഗോസ്വാമി രാജി വച്ച ശേഷം വീണ്ടും രാഹുല്‍ ചാനലിൽ തിരിച്ചെത്തുകയും എഡിറ്റർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെടുകയും ചെയ്തു. എന്നാൽ ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം ചാനൽ വിടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമുള്ള ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.