INDIA

തീരാതെ ടിപ്പു വിവാദം; ഇത്തവണ മൈസൂര്‍ വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി

മൈസൂര്‍ വിമാനത്താവളത്തിനു ടിപ്പു സുല്‍ത്താന്റെ പേര് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്

എ പി നദീറ

കര്‍ണാടകയില്‍ വിട്ടൊഴിയാതെ ടിപ്പു വിവാദം. ഇത്തവണ മൈസൂര്‍ വിമാനത്താവളത്തിന്റെ നാമകരണത്തെ ചൊല്ലിയാണ് ടിപ്പു സുല്‍ത്താന്റെ പേരില്‍ പുതിയ തര്‍ക്കം. മൈസൂര്‍ വിമാനത്താവളത്തിന് മൈസൂര്‍ മുന്‍ രാജാവായ ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് എം എല്‍ എ പ്രസാദ് അബ്ബയ്യ മുന്നോട്ടു വച്ചതോടെയാണ് പതിവ് പോലെ ടിപ്പു സുല്‍ത്താന്റെ പേരിലുള്ള പോര് മുറുകിയത്. നിയമസഭയുടെ കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് എം എല്‍ എ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.

ഈ നിര്‍ദേശം മന്ത്രിസഭായോഗത്തില്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചര്‍ച്ചക്കെടുത്തതോടെ വിവാദം ചൂട് പിടിക്കുകയായിരുന്നു. മൈസൂര്‍ വിമാനത്താവളത്തിന് എണ്‍പത്തി മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തു മൈസൂര്‍ രാജാവാണ് 1940 ല്‍ സൈനിക ആവശ്യത്തിനായി ഈ വിമാനത്താവളം നിര്‍മ്മിച്ചത്. സ്വാതന്ത്ര്യാനന്തരം കര്‍ണാടക സര്‍ക്കാരും പിന്നീട് കേന്ദ്ര വ്യോമയാന മന്ത്രാലയവും തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നോക്കി നടത്തിയ വിമാനത്താവളം 2010ലാണ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തത്. എന്നാല്‍ ഈ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ വിമാനത്താവളം അധികം വൈകാതെ അടക്കുകയായിരുന്നു. 2020 ല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് മാത്രമേ വിമാനസര്‍വീസുകള്‍ ഉള്ളൂ. നിര്‍മ്മിക്കപ്പെട്ടു 83 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മൈസൂര്‍ വിമാനത്താവളത്തിന് പ്രത്യേകിച്ചൊരു പേര് നല്‍കിയിരുന്നില്ല .

ഇനിയും വൈകിപ്പിക്കാതെ വിമാനത്താവളത്തിന് 'മൈസൂര്‍ കടുവയുടെ' സ്മരണ നിലനിര്‍ത്തുന്ന പേര് പ്രഖ്യാപിക്കണമെന്നാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപി. ടിപ്പു സുല്‍ത്താനെതിരെ പതിവ് ആരോപണം ഉയര്‍ത്തിയാണ് പ്രതിരോധം. ടിപ്പു സുല്‍ത്താന്‍ ഹൈന്ദവവിരുദ്ധനാണെന്നും ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വാസികളെ കൊലപ്പെടുത്തിയവനാണെന്നുമുള്ള ആരോപണം ആവര്‍ത്തിക്കുകയാണ് ബിജെപി എം എല്‍ എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍. 4000 ഹൈന്ദവ ക്ഷേത്രങ്ങള്‍ ടിപ്പു കൊള്ളയടിച്ചെന്നാണ് സംഘപരിവാര്‍ ആരോപണം. പൊതു ശൗചാലയങ്ങള്‍ക്കു വേണമെങ്കില്‍ ടിപ്പു സുല്‍ത്താന്റെ പേരിടാമെന്നും മൈസൂര്‍ വിമാനത്താവളത്തിന് മൈസൂര്‍ രാജ്യം ഭരിച്ചിരുന്ന നല്‍വാഡി കൃഷ്ണരാജ വോഡയാറിന്റെ പേര് നല്‍കണമെന്നുമാണ് ബിജെപിയുടെ പരിഹാസ രൂപത്തിലുള്ള നിര്‍ദേശം. നേരത്തെ ബിജെപി ഭരണത്തിലിരിക്കുമ്പോള്‍ ബെംഗളൂരു ടിപ്പു സുല്‍ത്താന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റിയിരുന്നു. മൈസൂര്‍-കുടഗ് എം പി പ്രതാപ് സിന്‍ഹ ആയിരുന്നു കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ ഇതിനായി ശുപാര്‍ശ സമര്‍പ്പിച്ചത് .

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നിര്‍ദേശിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് വിഷയം ആയുധമാക്കാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. അതുകൊണ്ടു തന്നെ ടിപ്പു ജയന്തിയുടെ കാര്യത്തിലെന്ന പോലെ വിഷയത്തില്‍ വലിയ ആവേശം കാണിക്കാതിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും. ടിപ്പു ജയന്തി നിരോധിച്ച മുന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനം ഇതുവരെ പുനഃപരിശോധിക്കാനോ ടിപ്പു സുല്‍ത്താന്‍ ജയന്തി ഔദ്യോഗികമായി ആഘോഷിക്കാനോ സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2015 ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഔദ്യോഗിക ആഘോഷങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ ടിപ്പു ജയന്തി 2019ലായിരുന്നു ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചത്.

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്നും ടിപ്പു സുല്‍ത്താന്റെ ചരിത്രം എടുത്തു മാറ്റുകയും പകരം ഹിന്ദുത്വവാദി വി ഡി സവര്‍ക്കറിനെ മഹത്വവത്കരിക്കുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അധികാരത്തില്‍ തിരികെ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പാഠഭാഗങ്ങള്‍ ഈ അധ്യയനവര്‍ഷം പഠിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശം നല്‍കിയത് ബിജെപിയുടെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗദക്കുള്ളില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ച വി ഡി സവര്‍ക്കറിന്റെ ഛായാ ചിത്രം എടുത്തു മാറ്റുന്നതില്‍ നിന്ന് പക്ഷെ കോണ്‍ഗ്രസ് പിന്നാക്കം പോയിരിക്കുകയാണ്. കര്‍ണാടകയില്‍ ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി മുന്നോട്ടു പോകുന്ന ബിജെപിയെ തത്കാലം പ്രകോപ്പിക്കേണ്ട എന്നാണ് കോണ്‍ഗ്രസിന്റെ നയം.

അതേസമയം, ടിപ്പു സുല്‍ത്താനെ വീണ്ടും വീണ്ടും രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമാക്കുന്നതിന്റെ അമര്‍ഷത്തിലാണ് ടിപ്പുവിന്റെ കുടുംബം. ബ്രിട്ടീഷുകാരോട് സന്ധിയില്ലാസമരം ചെയ്ത ദേശാഭിമാനിയായ ടിപ്പു സുല്‍ത്താനെ രാഷ്ട്രീയ ആയുധമാക്കി അപമാനിക്കുന്നത് കര്‍ണാടകയിലെ പ്രതിപക്ഷവും ഭരണപക്ഷവും നിര്‍ത്തണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു ടിപ്പുവിന്റെ പേര് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്ന അനുകൂല വിധി കുടുംബം സമ്പാദിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് ടിപ്പുവിന്റെ ബന്ധുക്കള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ