അതിജീവനം സാഹസികരുടെ ജീവിത വഴിയാണ്. തോറ്റുപോയ പോരാട്ടങ്ങളാലല്ല, വീണുപോയിടത്ത് നിന്ന് എഴുന്നേറ്റുവന്ന കഥകളിലൂടെയാണ് അവർ ചരിത്രം കുറിക്കുന്നത്. അങ്ങനെ ഒരു തിരിച്ചുവരവിന്റെ കടൽ നീന്തിക്കടക്കുകയാണ് അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടത്തിൽ ഇത്തവണ അഭിലാഷ് ടോമി കുതിച്ച് പായുകയാണ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡറായ അഭിലാഷ്. 2018ൽ ജീവന് വരെ ഭീഷണിയാകും വിധം അപകടത്തിൽപ്പെട്ട അഭിലാഷ് അതേ മത്സരത്തിൽ ഇറങ്ങുമ്പോൾ ഫിനിഷിങ് തന്നെ ധാരാളം ചരിത്രമെഴുതാൻ.
സാഹസികതയുടെ മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചിയോട്ടം. ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 26,000 മൈല്‍ (ഏകദേശം 48,000 കിലോമീറ്റര്‍) നീണ്ട കടല്‍ യാത്രയാണിത്. മത്സരത്തിന്റെ 90 ശതമാനം പിന്നിട്ട് കഴിഞ്ഞു മത്സരാര്‍ത്ഥികള്‍. പായ് വഞ്ചിയില്‍ എവിടെയും നിര്‍ത്താതെ, കാറ്റിന്റെ ഗതിയനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ദിശ അറിയാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രമുണ്ടാകും. 1968ല്‍ മത്സരം ആരംഭിച്ചകാലത്ത് നാവികര്‍ ഉപയോഗിച്ചിരുന്ന അതേരീതി പിന്തുടരണമെന്നാണ് നിയമം.
2018 ല്‍ ഇതേ പോര്‍മുഖത്ത് ഉയര്‍ത്തെഴുനേല്‍ക്കില്ലെന്ന് ഉറപ്പിച്ചിടത്ത് നിന്ന് ഉയര്‍ന്ന് വന്നതാണ് അഭിലാഷ്. അന്ന് അപകടത്തിൽ പെട്ട് നട്ടെല്ലിന് ഗുരുതര പരുക്കേറ്റു. അന്നത്തെ മത്സരത്തില്‍ കൂറ്റന്‍ തിരമാലകളെ നേരിടാന്‍ 'തുരിയ' എന്ന അഭിലാഷിന്റെ ബോട്ടിന് സാധിച്ചില്ല. ബോട്ടിന്റെ കൊടിമരത്തില്‍ നിന്ന് 30 അടി താഴ്ചയിലേയ്ക്ക് അഭിലാഷ് വീഴുകയായിരുന്നു.
പരുക്കേറ്റ് സമുദ്രത്തില്‍ ഒറ്റപ്പെട്ടു പോയ അഭിലാഷിനെ ഫ്രഞ്ച്- ഓസ്‌ട്രേലിയന്‍ - ഇന്ത്യന്‍ നാവിക സേനകൾ സംയുക്തമായി നടത്തിയ 70 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് രക്ഷിച്ചത്. മരിച്ചെന്ന് തീര്‍ച്ചപ്പെടുത്തിയ ഇടത്തു നിന്നാണ് അഭിലാഷിനെ ഫ്രഞ്ച് മത്സ്യ ബന്ധന ബോട്ട് കണ്ടെത്തുന്നത്. നട്ടെല്ലിൽ ടൈറ്റാനിയം ദണ്ഡ് ഘടിപ്പിച്ചാണ് അദ്ദേഹം ഇപ്പോൾ ഈവിക്കുന്നത്.
പിന്നിട്ട വെല്ലുവിളികളേക്കാള്‍ വലുതല്ല പിന്നീട് അനുഭവിച്ച വെല്ലുവിളികളെന്ന് അഭിലാഷിന് ബോധ്യമുണ്ടായിരുന്നു. ഏറ്റവും സങ്കീര്‍ണമായ ജീവിതത്തെ മാറ്റിമറിച്ച ശസ്ത്രക്രിയയ്ക്ക് ശേഷം അഭിലാഷ് ടോമി നടക്കാന്‍ തുടങ്ങി. വീണ്ടും നാവിക സേനയിലെ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് സങ്കീര്‍ണമായ സര്‍ജറികള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ സ്വപ്‌നമായങ്ങനെ തുടര്‍ന്നു. 2019 ജനുവരിയില്‍ സേനയിൽ നിന്ന് രാജി വച്ചു. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ ചിറക് വിരിക്കാനൊരുങ്ങി.
ഒരു വനിതയടക്കം 16 പേരാണ് മത്സരത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് പേരാണ് അവശേഷിക്കുന്നത്. ഒന്നാം സ്ഥാനത്ത് മത്സരത്തിലെ ഏക വനിതയായ ദക്ഷിണാഫ്രിക്കക്കാരി കിര്‍സ്റ്റണ്‍ ന്യൂസ് കഫറാണ്. അഭിലാഷിന് പിന്നില്‍ ഓസ്ട്രിയയുടെ മൈക്കല്‍ ഗുഗന്‍ ബെര്‍ജറുണ്ട്. അടുത്ത മൂന്ന് ദിവസത്തെ മത്സരങ്ങള്‍ക്കുള്ളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ അഭിലാഷിന്റെ വലിയ തിരിച്ചുവരവാകും അത്. ഫിനിഷ് ചെയ്യാനായാൽ തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
നാല് വര്‍ഷത്തെ തയ്യാറെടുപ്പാണ് മത്സരത്തിനുള്ളത്. ഓട്ടോപൈലറ്റ് സംവിധാനമോ ഇലക്ട്രോണിക് സാധനങ്ങളോ ഇല്ലാതെയുള്ള 26,000 മൈല്‍ ഒരു വിശ്രമവുമില്ലാത്ത പോരാട്ടമാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ്. ഇന്റര്‍നെറ്റോ ജിപിഎസ് സംവിധാനമോ ഇല്ലാതെ തീര്‍ത്തും തനിച്ചുള്ള അതിജീവനം. എട്ട് മാസത്തെ ഏകാന്തതയ്ക്ക് പുറമെ കപ്പലോട്ടത്തില്‍ അപാര കഴിവ് പുറത്തെടുക്കേണ്ട സന്ദര്‍ഭവുമാണിത്. ഭൂതകാലത്തിലെ സോളോ സെയിലിങ്ങിന്റെ ഒരു സുവര്‍ണകാലം പുനര്‍നിര്‍മിക്കുന്നതിനായി രൂപപ്പെടുത്തിയ മത്സരവിഭാഗമാണ് ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ്. 250 ദിവസം നാവികര്‍ കടലില്‍ ചെലവഴിക്കുന്നു എന്ന പ്രത്യേകതയാണ് റെയ്‌സിനുള്ളത്.
ഗോള്‍ഡന്‍ ഗ്ലോബ് റെയ്സ് നേടുന്ന ആദ്യ വനിതയാകാന്‍ ആഗ്രഹിക്കുന്ന കിര്‍സ്റ്റണ്‍ ന്യൂസ് കഫര്‍ ഓരോ നോട്ടിക്കല്‍ മൈലിലും അഭിലാഷുമായി പോരാടുകയാണ്, ലെസ് സാബിള്‍സ്-ഡി ഒലോണിലേക്കുള്ള മത്സരം ഒരു ഫോട്ടോ ഫിനിഷായി അവസാനിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. മത്സരം വിജയിക്കുകയെന്നത് അഭിലാഷ് ടോമിക്ക് പ്രധാനമാണ് കാരണം അയാള്‍ ജീവിതം തന്നെ ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനായി മാറ്റിവച്ചയാളാണ്.