തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗകൊഴുപ്പുപയോഗിക്കുന്നതായി ഉയർന്ന വിവാദത്തിൽ ആന്ധ്രയിലെ എല്ലാ ക്ഷേത്രങ്ങളിലും പരിശോധന നടത്താൻ ആന്ധ്ര സർക്കാർ. ഹിന്ദു പണ്ഡിതരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് ഭാവി നടപടികൾ തീരുമാനിക്കുമെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ ആന്ധ്ര സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീർ സ്വാമി, കാഞ്ചി സ്വാമി എന്നിവരുൾപ്പെടെയുള്ള സന്യാസിമാരെ ബന്ധപ്പെട്ട് ആവശ്യമായ ശുദ്ധീകരണ നടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്കാണ് തിരുപ്പൂർ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം. മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ കാലത്ത് ക്ഷേത്ര പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്നതായിരുന്നു നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കഴിഞ്ഞ ദിവസത്തെ ആരോപണം. 320 രൂപയ്ക്ക് എങ്ങനെയാണ് പശുവിൻ നെയ് വച്ച് ലഡു നിർമിക്കാൻ സാധിക്കുക എന്നും നായിഡു ചോദിക്കുന്നു. അത് സാധ്യമല്ലാത്തതുകൊണ്ടു തന്നെ മൃഗക്കൊഴുപ്പുപയോഗിച്ചാണ് തിരുപ്പതിയിൽ ലഡു നിർമ്മിച്ചത് എന്നാണ് നായിഡുവിന്റെ വാദം.
'ചന്ദ്രബാബു നായിഡു ഒരു നുണയനാണ്'; മോദിക്ക് ജഗന്റെ കത്ത്
തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പുപയോഗിച്ചു എന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം തെറ്റാണെന്നും തനിക്കും വൈഎസ്ആർ കോൺഗ്രസിനുമെതിരെ ഈ ആരോപണമുന്നയിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആന്ധ്ര മുൻമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
നായിഡുവിന്റെ രാഷ്ട്രീയപ്രേരിതമായ ആരോപണം വിശ്വാസികളുടെ വികാരത്തെയും തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രതയും നഷ്ടപ്പെടുത്തുമെന്നായിരുന്നു ജഗൻ കത്തിൽ പറഞ്ഞത്. "ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും കോടിക്കണക്കിന് ഭക്തരുള്ള ആരാധനാമൂർത്തിയാണ് വെങ്കിടേശ്വര, ഈ ദുർബലമായ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, ഇപ്പോൾ പ്രചരിക്കുന്ന കള്ളങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും, അതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും." ജഗൻ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.
വിശ്വാസികളിൽ നിന്ന് തന്നെ നിയോഗിക്കപ്പെട്ട പ്രധാനവ്യക്തിത്വങ്ങളാണ് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ സുപ്രധാനസ്ഥാനങ്ങളിൽ ഉള്ളതെന്നും, അതിൽ കേന്ദ്ര മന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം നിർദേശിച്ച പ്രതിനിധികളുണ്ടെന്നും ജഗൻ മഹോൻ റെഡ്ഢി വിശദീകരിക്കുന്നു. മാത്രവുമല്ല ഇപ്പോൾ ഭാരവാഹികളായി ഇരിക്കുന്ന പലർക്കും ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്രത്തിലേക്കെത്തുന്ന നെയ്യുടെ നിലവാരം അളക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ടെന്നും അത് എല്ലാ കാലത്തും കൃത്യമായി പാലിക്കുകയും നിലവാരമില്ലാത്ത വസ്തുക്കൾ തിരിച്ചയക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നെന്നും ജഗൻ പറയുന്നു. ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി തന്റെ ആരോപണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ കൂടി പുറത്തുവിടേണ്ടതുണ്ടെന്നും ജഗൻ വിമർശിക്കുന്നു.
മൂന്നു ദിവസം മുമ്പ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ ആരോപണത്തിൽ കേന്ദ്രം ആന്ധ്രപ്രദേശ് സർക്കാരിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനുപുറമെ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൾഹാദ് ജോഷി ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ആരോപണത്തിന് പിന്നാലെ വ്യാഴാഴ്ച തെലുഗുദേശം പാർട്ടി ആരോപണം ശരിയാണെന്ന് കാണിക്കുന്ന ഒരു ശാസ്ത്ര പരിശോധനാ ഫലവും ഹാജരാക്കിയിരുന്നു. തിരുപ്പതിയിൽ വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പുള്ളതായി കാണിക്കുന്ന ഗുജറാത്തിലെ എൻഡിഡിബിയിൽ നിന്നുള്ള ലാബ് റിപ്പോർട്ട് ആയിരുന്നു അത്. ഇതിനെതിരെയാണ് ജഗൻമോഹൻ രംഗത്തെത്തിയത്.