Mahua Moitra 
INDIA

മഹുവ മൊയ്ത്രയെ തൃണമൂല്‍ കൈവിടില്ല; അയോഗ്യതാ ഭീഷണിക്കിടെ ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കി പാര്‍ട്ടി

പാര്‍ലമെന്റില്‍ അയോഗ്യയാക്കാനായി എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്ത എംപി മഹുമ മെയ്ത്രയെ ജില്ലാ പ്രസിഡന്റായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

വെബ് ഡെസ്ക്

പാര്‍ലമെന്റില്‍ അയോഗ്യയാക്കാനായി എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്ത എംപി മഹുമ മെയ്ത്രയെ ജില്ലാ പ്രസിഡന്റായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. കൃഷ്ണനഗര്‍ (നാദിയ നോര്‍ത്ത്) ജില്ലാ പ്രസിഡന്റായാണ് മഹുവയെ നിയമിച്ചിരിക്കുന്നത്. മഹുവയുടെ ലോക്‌സഭ മണ്ഡലമായ കൃഷ്ണനഗര്‍ ഉള്‍പ്പെടുന്ന ജില്ലയാണ് ഇത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍, മഹുവയെ അയോഗ്യയാക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഇപ്പോള്‍ പുറത്താക്കിയാലും അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചെത്തുമെന്ന മഹുവയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്, തൃണമൂലിന്റെ പുതിയ നീക്കം.

പാര്‍ട്ടിയുടെ കൃഷ്ണനഗര്‍ ജില്ലാ അധ്യക്ഷയായി തന്നെ നിയമിച്ചതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നന്ദി അറിയിക്കുന്നതായി മഹുവ എക്‌സില്‍ കുറിച്ചു. കൃഷ്ണനഗറിലെ ജനങ്ങള്‍ക്ക് വേണ്ടി എപ്പോഴും പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുതുതായി നിയമിച്ച 15 ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയിലാണ് മഹുവ മൊയ്ത്രയേയും ടിഎംസി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യത്തിന് കോഴ വിവാദത്തില്‍ മഹുവയെ പരസ്യമായി പിന്തുണയ്ക്കാന്‍ ടിഎംസി തയ്യാറായിരുന്നില്ല. അഭിഷേക് ബാനര്‍ജി മാത്രമാണ് മഹുവയ്ക്ക് എതിരായ നടപടിയില്‍ പരസ്യ പ്രതികരണം നടത്തിയത്. ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജില്ലയുടെ അധ്യക്ഷ സ്ഥാനം നല്‍കിയതോടെ, മഹുവയെ പാര്‍ട്ടി കൈവിടില്ല എന്ന സന്ദേശമാണ് ടിഎംസി നല്‍കുന്നത്.

നാലിന് എതിരെ ആറു വോട്ടിനാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്ക് എതിരായ ശിപാര്‍ശ പാസാക്കിയത്. 500 പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയത്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനില്‍ക്കുന്നത്.

ആരോപണത്തിന്റെ ഹിയറിങ് നടത്തിയ എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ നിന്ന് മഹുവ, ബിഎസ്പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. തികച്ചും വ്യക്തിപരമായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരുടെ പ്രതിഷേധം. ആണ്‍ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകള്‍ നടക്കുന്നതിനെ കുറിച്ചും രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് മഹുവ വെളിപ്പെടുത്തിയിരുന്നു.

ആരോപണങ്ങളില്‍ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും ലോഗിന്‍, പാവ്‌വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ