INDIA

കര്‍ണാടക തിരഞ്ഞെടുപ്പ്: ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു

ടോൾ നിരക്ക് 22 ശതമാനം വർധിപ്പിക്കാനായിരുന്നു നീക്കം

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ ടോൾ നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രിൽ ഒന്നുമുതൽ ടോൾ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാൾ 22 ശതമാനത്തിന്റെ വർധന വരുത്തിയായിരുന്നു പുതിയ നിരക്കുകൾ നിശ്ചയിച്ചത്.

കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതൽ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത് പാതയിലെ ടോൾ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ടോൾ നിരക്ക് വർധന വേണ്ടെന്ന് വച്ചത് .

കാർ, ജീപ്പ്, വാൻ എന്നീ വാഹനങ്ങൾ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നൽകേണ്ടിയിരുന്നത്  165 രൂപയായി വർധിപ്പിക്കാനായിരുന്നു തീരുമാനം. മടക്കയാത്ര കൂടി ഉണ്ടെങ്കിൽ ടോൾ നിരക്ക് 205 രൂപയിൽ നിന്ന് 250 രൂപയാകും . ബസ് ഉൾപ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങൾക്ക്   ഒറ്റത്തവണ യാത്ര ചെയ്യാൻ നേരത്തെ നൽകി വന്ന 460 രൂപ  565 രൂപയായും മടക്കയാത്രയ്ക്ക് നൽകേണ്ടിയിരുന്ന  690 രൂപ ടോൾ 850 രൂപയാക്കി ഉയർത്താനും  തത്വത്തിൽ തീരുമാനമായിരുന്നു . തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിരക്ക് വർധന പ്രതീക്ഷിക്കാം .

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈർഘ്യം  മൂന്നു മണിക്കൂറിൽ നിന്ന് 75 - 90 മിനുട്ടായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതകൊണ്ടുള്ള ഗുണം . എന്നാൽ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളേയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന അടിപ്പാതകളും സർവീസ് റോഡുകളും  പണി പൂർത്തിയാക്കാതെ നടത്തിയ ഉദ്‌ഘാടനം വിമർശനത്തിനിടയാക്കിയിരുന്നു. പ്രദേശ വാസികൾ ഈ ആവശ്യങ്ങൾ ഉന്നയിച്ചു ഇപ്പോഴും സമരത്തിലാണ് . മാർച്ച് 14 ന് ആയിരുന്നു അതിവേഗ പാതയിൽ ടോൾ പിരിവു തുടങ്ങിയത് . കർഷകരുടെ നേതൃത്വത്തിൽ സമരം കടുത്തതോടെ പാതയിലെ ടോൾ പിരിവ് പോലീസ് സംരക്ഷണയിലാണ് നടക്കുന്നത് .

കേന്ദ്രത്തിലും കർണാടകയിലും അധികാരം കയ്യാളുന്ന ബിജെപിയുടെ 'ഡബിൾ എൻജിൻ' സർക്കാരിന്റെ ഏറ്റവും വലിയ വികസന നേട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ ഉയർത്തിക്കാട്ടുന്ന പദ്ധതിയാണ് ഈ അതിവേഗപാത. ബിജെപിക്കു വലിയ വേരോട്ടമില്ലാത്ത മൈസൂർ കർണാടക മേഖലയിൽ മേൽവിലാസമുണ്ടാക്കാൻ പാത സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ പ്രദേശത്തെ കർഷകർ ഒന്നാകെ എതിരായത്‌  ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. ഉയർന്ന ടോൾ നിരക്കിന് പുറമെ ഉദ്‌ഘാടനത്തിനു തൊട്ടു പിറകെ പാത പൊട്ടി പൊളിഞ്ഞതും മഴ വെള്ളം കെട്ടി കിടന്ന് വാഹന ഗതാഗതം തടസപ്പെട്ടതുമൊക്കെ വിവാദമായിരുന്നു . ഇതിനിടയിൽ ഇനിയും ടോൾ നിരക്ക് കൂട്ടിയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നിരക്ക് വർധനയിൽ നിന്നുള്ള  പിന്മാറ്റം .  

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ