മുസ്ലീം സ്ത്രീകളെ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളാക്കുന്നതിനെ വിമര്‍ശിച്ച് അഹമ്മദാബാദ് ജുമാ മസ്ജിദിലെ മുഖ്യപുരോഹിതന്‍ രംഗത്ത്. മുസ്ലീം സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുന്നവര്‍ ഇസ്ലാം മതത്തിന് എതിരാണെന്നും അവര്‍ മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും പുരോഹിതന്‍ കുറ്റപ്പെടുത്തി. ജുമാ മസ്ജിദ് മുഖ്യ പുരോഹിതൻ ഷബീർ അഹമ്മദ് സിദ്ദിഖിയാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് പുരോഹിതന്‍ നടത്തിയ വിവാദ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
''ഇസ്ലാമിനെ കുറിച്ച് പറയുകയാണെങ്കിൽ, ഈ മതത്തിൽ നിസ്കാരത്തേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ല. എന്നാല്‍ ഏതെങ്കിലും സ്ത്രീകള്‍ നിസ്‌കരിക്കാനായി പള്ളികളില്‍ പോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇസ്‌ലാമിലെ സ്ത്രീകൾ എല്ലാവരുടെയും മുന്നിൽ വരുന്നത് ശരിയാണെങ്കിൽ, അവരെ അതിൽ നിന്ന് തടയില്ലായിരുന്നു''-ഷബീർ അഹമ്മദ് സിദ്ദിഖി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇസ്ലാമില്‍ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമുള്ളത് കൊണ്ടാണ് പള്ളികളിൽ വന്ന് നിസ്കരിക്കുന്നത് തടയുന്നത്. മുസ്ലീം സത്രീകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നവര്‍ മനഃപൂര്‍വം ഇസ്ലാമിനെതിരെ കലാപം നടത്തുകയാണെന്നും ഷാഹി ഇമാം പറഞ്ഞു.
മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും വീട്ടില്‍ കയറി മാറി മാറി വോട്ട് ചോദിക്കണം. ഇതെല്ലാം ഇസ്ലാം മതത്തിന് എതിരാണ്
സ്ത്രീകളെ കൊണ്ടുവരുന്നതിന് പകരം നിങ്ങള്‍ക്ക് പുരുഷന്മാരെ ആരെയും കിട്ടിയില്ലേ എന്നും പുരോഹിതന്‍ ചോദിച്ചു. ഇത് നമ്മുടെ മതത്തെ ദുർബലമാക്കും. സ്ത്രീകളെ എംഎൽഎമാരും കൗൺസിലർമാരും ആക്കിയാൽ ഹിജാബ് വിഷയത്തെ പ്രതിരോധിക്കാൻ നമുക്കാവില്ലെന്നും കര്‍ണാടകയിലെ ഹിജാബ് വിവാദത്തെ പരാമർശിച്ച് ഷാഹി ഇമാം പറഞ്ഞു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും വീട്ടില്‍ കയറി മാറി മാറി വോട്ട് ചോദിക്കണം. ഇതെല്ലാം ഇസ്ലാം മതത്തിന് എതിരാണ്. അതിനാലാണ് തിരഞ്ഞെടുപ്പില്‍ പുരുഷന്മാര്‍ മാത്രം മത്സരിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ഷാഹി ഇമാം പറഞ്ഞു. പുരോഹിതൻറെ ഓരോ പരാമർശത്തിലും സ്ത്രീവിരുദ്ധത കലർത്തികൊണ്ടായിരുന്നു സംസാരം.
തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ മാത്രമാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിക്കുന്നത്. ഒരു കുടുംബത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. ഇക്കാരണങ്ങളല്ലാതെ ഇതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ലെന്നും സിദ്ദീഖി പറഞ്ഞു. സംസ്ഥാനത്തെ ഏകദേശം 6 കോടിയോളം വരുന്ന സ്ത്രീകളില്‍ 10 ശതമാനവും മുസ്ലിംങ്ങളാണ്. മുസ്ലീം സ്ത്രീകള്‍ക്ക് ഗുജറാത്തിലെ നിയമസഭയിലും ലോക്‌സഭയിലും വലിയ പ്രാതിനിധ്യം നിലവിലില്ല. ന്യൂനപക്ഷമായ മുസ്ലീം വിഭാഗം ഗുജറാത്തില്‍ നിരവധി അവഗണനകള്‍ നേരിട്ട് വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് പുരോഹിതന്റെ സ്ത്രീവിരുദ്ധ പരിഹാസമെന്നതും ശ്രദ്ധേയമാണ്.