ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്ത് ബിജെപി മുന്നേറ്റം; ഹിമാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്; വലിയ അവകാശവാദങ്ങളുന്നയിച്ചിട്ടും നേട്ടമുണ്ടാക്കാനാതെ പോയ ആംആദ്മി പാര്‍ട്ടി. നിര്‍ണായകമായ രണ്ട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ സംഗ്രഹിക്കാം.
ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 156 എണ്ണത്തിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ഒതുങ്ങി. ആംആദ്മി പാര്‍ട്ടി അഞ്ചിടത്ത് ജയിച്ചു. ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ഏഴാംതവണയും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഇത്രയും വലിയ വിജയം ഗുജറാത്തിന്റെ ചരിത്രത്തിൽ ബിജെപിയെ സംബന്ധിച്ച് ആദ്യമാണ്
എന്നാല്‍ ഹിമാചലില്‍ ആകെയുള്ള 68 സീറ്റില്‍ 40 എണ്ണം കോൺഗ്രസ് പിടിച്ചെടുത്തു. 68 സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും മത്സരിച്ച ഹിമാചലില്‍ ആംആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപി 25 സീറ്റുകളിലൊതുങ്ങി. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞ
150 സീറ്റുകളിലെങ്കിലും വിജയിപ്പിക്കൂ എന്നായിരുന്നു ഗുജറാത്ത് ജനതയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. എന്നാല്‍ അതിലും വലിയ വിജയം ഗുജറാത്ത് ജനത സമ്മാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് നേട്ടം. 2017ല്‍ നേടിയ 99 സീറ്റില്‍ നിന്നാണ് 150ന് അപ്പുറത്തേക്കുള്ള ടീം മോദിയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തില്‍ എതിരാളികളെ അപ്രസക്തമാക്കിക്കൊണ്ടുള്ള നീക്കമെന്ന് നിസ്സംശയം പറയാം. നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2017ല്‍ രാഹുലിന്‌റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത് ഊര്‍ജസ്വലമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. അതിന്‌റെ ഒരംശം പോലും ഇത്തവണ കാഴ്ചവെച്ചില്ല; പ്രചാരണത്തിലും പ്രകടനത്തിലും
2017ല്‍ ശക്തമായ പ്രതിപക്ഷമായി ഗുജറാത്തില്‍ സ്ഥാനമുറപ്പിച്ച കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതാണ് ഇത്തവണത്തെ കാഴ്ച. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മറ്റാരെയും കുറ്റപ്പെടുത്താനാകില്ല. പ്രചാരണത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പുലര്‍ത്തിയ അലംഭാവത്തിനൊപ്പം ആംആദ്മി പാര്‍ട്ടിയുടെ വരവ് കൂടിയായതോടെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്നേ ഇല്ലാതാകുന്ന കാഴ്ചയായി. അവരുടെ വോട്ട് വിഹിതത്തിന്‌റെ വലിയൊരു ഭാഗം ആംആദ്മി പാര്‍ട്ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. കേന്ദ്രീകൃതമായ പ്രചാരണത്തിന്‌റെ അഭാവം തന്നെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ചിത്രം.
ഭാരത് ജോഡോ യാത്ര നയിച്ചിരുന്ന രാഹുല്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതൃത്വമാകെയും ഗുജറാത്തിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാടെ അവഗണിച്ചു. പിന്നീട് പ്രചാരണത്തിന്‌റെ അവസാനഘട്ടത്തില്‍ രണ്ട് ദിവസം മാത്രം ഭാരത് ജോഡോ യാത്രയ്ക്ക് അവധി കൊടുത്ത് രാഹുല്‍ ഗുജറാത്തിലെത്തി. മോദിയുടെ മണ്ഡലത്തില്‍പോലും എത്താതെ രണ്ട് റാലികളില്‍ മാത്രം പങ്കെടുത്ത് മടങ്ങി.
കോണ്‍ഗ്രസിന് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഒരുമുഖം ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 2017ല്‍ രാഹുലിന്‌റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത് ഊര്‍ജസ്വലമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. അതിന്‌റെ ഒരംശം പോലും ഇത്തവണ കാഴ്ചവെച്ചില്ല; പ്രചാരണത്തിലും പ്രകടനത്തിലും. അന്ന് രാഹുലിനെ പിന്തുണച്ച് അശോക് ഗെഹ്ലോട്ടും അഹമ്മദ് പട്ടേലും മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് 77 സീറ്റ് നേടി ശക്തമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിനെ 2017ല്‍ സഹായിച്ചത്. അതിന് നേര്‍വിപരീതമായി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴുള്ള പ്രകടനം. ഇത്തവണ നിരീക്ഷനായി നിയമിച്ച ഗെഹ്ലോട്ടിന് രാജസ്ഥാനിലെ ആഭ്യന്തരകലഹം കഴിഞ്ഞ് ഗുജറാത്തിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലും ഏകോപനമുണ്ടായിരുന്നില്ല. പിസിസി അധ്യക്ഷന്‍ ജഗദീഷ് താക്കൂറിനും അര്‍ജുന്‍ മോദ്‌വാഡിയ, ശക്തിസിന്‍ഹ് ഗോഹില്‍ , സിദ്ധാര്‍ഥ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ക്കിടയിലുമൊന്നും ഏകോപനം ഉണ്ടായിരുന്നില്ല.
ഈ സമയത്തെല്ലാം നരേന്ദ്ര മോദിയും അമിത്ഷായും ബിജെപി കേന്ദ്ര നേതാക്കളുമെല്ലാം ഗുജറാത്തില്‍ സജീവമായി ക്യാമ്പ് ചെയ്യുകയായിരുന്നെന്നതാണ് ശ്രദ്ധേയം. ആംആദ്മി പാര്‍ട്ടിക്കായി അരവിന്ദ് കെജ്രിവാളും പഞ്ചാബിലേയും ഡല്‍ഹിയിലേയും ആപ്പ് നേതാക്കളുമെല്ലാം സംസ്ഥാനത്ത് തമ്പടിച്ചു.
നേരെ വിപരീതമാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രിസന്‌റെ പ്രകടനം. പരമ്പരാഗതമായി കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മാറിവരുന്ന പാരമ്പര്യം അവര്‍ നിലനിര്‍ത്തി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിലായിരുന്നു ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും പ്രചാരണ നേതൃത്വത്തിലുണ്ടായിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്), തൊഴിലില്ലായ്മ, അഗ്നിവീര്‍ പദ്ധതിക്കെതിരായ വികാരം , വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം ഉയര്‍ത്തി ഹിമാചലില്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തിപ്പെടുത്തി. അതിന്‌റെ ഫലമാണ് തിരഞ്ഞെടുപ്പ് വിജയം.
ഹിമാചലിലും കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായിരുന്നു. ഹിമാചല്‍ പിസിസി അധ്യക്ഷ പ്രതിഭ സിങ്ങും അവരുടെ മകന്‍ വിക്രമാദിത്യയും മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ്ങും , പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി തുടങ്ങിയ നേതാക്കള്‍ക്കിടയിലെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പ്രചാരണത്തെ അതൊന്നും ബാധിച്ചില്ല.
പരമ്പരാഗതമായി കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മാറിവരുന്ന പാരമ്പര്യം ഹിമാചല്‍ നിലനിര്‍ത്തി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിലായിരുന്നു ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണം
27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയേയും എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസിനേയും വെല്ലുവിളിച്ചാണ് ആംആദ്മി പാര്‍ട്ടി ഇത്തവണ ഗുജറാത്തില്‍ സജീവമായത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും അഞ്ചില്‍ താഴെ സീറ്റില്‍ മാത്രമെ നേടാനായുള്ളൂവെന്നതാണ് ശ്രദ്ധേയം. മുഖ്യശത്രുവായ ബിജെപിയുടെ വോട്ട് സ്വന്തം പെട്ടിയിലാക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പ്രചാരണം മുഴുവന്‍ മോദിക്കെതിരെ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് വോട്ടുകളാണ് ആംആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിയത്.