സിക്കിമിലെ നാഥുല ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കേറ്റു. നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ അകപ്പെട്ടതായി സംശയമുണ്ട്.
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലെ നാഥുല ചുരവുമായി ബന്ധിപ്പിക്കുന്ന ജനഹര്‍ലാല്‍ നെഹ്‌റു റോഡിലെ 15-ാം മൈലില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്.
25-30 വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണു സംശയം. ഇരുപതിലേറെ പേരെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) രക്ഷിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രദേശത്ത് ഏകദേശം 350 വിനോദസഞ്ചാരികളും 80 വാഹനങ്ങളും കുടുങ്ങിയിരുന്നു. റോഡിലെ മഞ്ഞ് നീക്കം ചെയ്ത് വാഹനങ്ങൾ കടത്തിവിട്ടു.
ചൈനയുമായി അതിർത്തി പങ്കിടുന്ന നാഥുല ചുരം ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മഞ്ഞുപൊഴിയുന്ന ഈ മനോഹര സ്ഥലം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും എത്തുന്നത്.