INDIA

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിയിടിച്ചു; 10 മരണം, 60 പേര്‍ക്ക് പരുക്ക്

അഗര്‍ത്തലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു

വെബ് ഡെസ്ക്

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ലോക്കോ പൈലറ്റ് ഉൾപ്പെടെ 10 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്ക്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സിലിഗുരിയില്‍ തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ത്രിപുരയുടെ തലസ്ഥനമായ അഗർത്തലയിൽനിന്ന് കൊല്‍ക്കത്തയിലെ സിയാൽദയിലേക്കു വരികയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസി(13174)ലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

ന്യൂ ജല്‍പൈഗുരി സ്റ്റേഷൻ വിട്ട കാഞ്ചന്‍ജംഗ എക്‌സ്പ്രസ് രംഗപാണി റെയിൽവേ സ്റ്റേഷൻ എത്തിനു മുൻപായിരുന്നു അപകടം. അപകടത്തെത്തുടർന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. മരിച്ചവരിൽ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നിയോഗിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 03323508794, 0332383332.

കൊല്‍ക്കത്തയും സിലിഗുരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടം നടന്നത്. രാവിലെ മുതല്‍ സിലിഗുരി മേഖലയില്‍ കനത്ത മഴയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം ഭാഗികമായി നിലച്ചു. ഗുഡ്‌സ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വാര്‍ റൂം തുറന്നു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നിസാര പരുക്കേറ്റവർക്ക് 50,000 രൂപ വീതവും എക്‌സ്‌ഗ്രേഷ്യയായി നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനിൻ വൈഷ്ണവ് പറഞ്ഞു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽനിന്ന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. അപകടം ദു:ഖകരമാണെന്നു പറഞ്ഞ പ്രധാനമന്ത്രി മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും പറഞ്ഞു.

''വടക്കുകിഴക്ക് റയില്‍വേ സോണില്‍ ദൗര്‍ഭാഗ്യകരമായ അപകടം. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. റെയില്‍വേയും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി,'' കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. “ഡാർജിലിങ് ജില്ലയിലെ ഫാൻസിദെവ പ്രദേശത്ത് നടന്ന ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. കാഞ്ചൻജംഗ എക്‌സ്പ്രസ് ഒരു ചരക്ക് ട്രെയിനിൽ ഇടിച്ചതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി ജില്ലാ മജിസ്ട്രേറ്റ്, എസ്‌പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു,” ബാനർജി പറഞ്ഞു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദുരന്തത്തിനരയായവർക്ക് പൂർണ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. മോദി സർക്കാർ ഭരണത്തിൽ 10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ സമ്പൂർണ കെടുകാര്യസ്ഥതയാണ് നടമാടുന്നതെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്നത്തെ ദുരന്തം ഈ നഗ്നയാഥാർത്ഥ്യത്തിൻ്റെ മറ്റൊരു ഓർമപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ