INDIA

പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം, വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോംബേറ്

ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഓരോ കമ്പനി സുരക്ഷാസേനയെ വിന്യസിച്ചു

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ 2400, പഞ്ചായത്ത് സമിതികളിൽ 261, ജില്ലാ പരിഷത്തുകളിൽ 10 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 22 ജില്ലകളിലെ 339 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിനിടെ വ്യാപക അക്രമമാണ് സംസ്ഥാനത്ത് ഉണ്ടായത്. മുപ്പതിലധികം ആളുകളാണ് വോട്ടെണ്ണൽ ദിനത്തിലും തൊട്ടുമുൻപുള്ള ദിവസങ്ങളിലുമായി അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. വോട്ടെടുപ്പ് ദിനത്തിലെ അക്രമങ്ങളെ തുടർന്ന് 696 ബൂത്തുകളിൽ റീപോളിങ് നടന്നു. റീപോളിങ്ങിനിടയിലും വ്യാപക അക്രമമാണ് സംസ്ഥാനത്തുണ്ടായത്.

അക്രമസാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഓരോ കമ്പനി സുരക്ഷാസേനയെ വിന്യസിച്ചു. ഇതിനിടയിലും വോട്ടെണ്ണൽ കേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ബോംബേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 90 ശതമാനം സീറ്റുകളും നേടിയത് തൃണമൂലായിരുന്നു. സമാനമാകും ഇത്തവണത്തേയും ഫലമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യത്തോടെയാണ് എല്ലാ പാർട്ടികളും കാണുന്നത്. വോട്ടെടുപ്പ് ദിനത്തിൽ മാത്രം 15 പേരാണ് ബോംബേറിലും സംഘർഷങ്ങളിലുമായി കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ