INDIA

പശ്ചിമബംഗാളിൽ മമതയ്ക്ക് വെല്ലുവിളി ഉയർത്താനാകാതെ പ്രതിപക്ഷം; ഗ്രാമീണമേഖലകളിൽ തൃണമൂലിന്റെ അപ്രമാദിത്വം

ഗ്രാമ പഞ്ചായത്ത് സീറ്റുകളുടെ 73 ശതമാനവും പഞ്ചായത്ത് സമിതിയിലെ 98 ശതമാനവും തൃണമൂൽ നേടിക്കഴിഞ്ഞു

വെബ് ഡെസ്ക്

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ദിവസം തന്നെ വ്യക്തമായ കരുത്ത് തെളിയിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്. ഗ്രാമപഞ്ചായത്തുകളിൽ മുഖ്യ പ്രതിപക്ഷമായ ബിജെപിയേക്കാൾ മൂന്നിരട്ടി സീറ്റാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടി ഇതുവരെ സ്വന്തമാക്കിയത്. വോട്ടെണ്ണൽ രണ്ടാംദിവസത്തിലേക്ക് കടന്നു.

ബംഗാളിന്റെ ഗ്രാമീണ മേഖലകളിൽ തൃണമൂലിന്റെ ആധിപത്യത്തിന് യാതൊരു വെല്ലുവിളിയും ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ആദ്യ ദിനത്തിലെ വോട്ടെണ്ണൽ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 8.30 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഗ്രാമ പഞ്ചായത്ത് സീറ്റുകളുടെ 73 ശതമാനവും പഞ്ചായത്ത് സമിതിയിലെ 98 ശതമാനവും തൃണമൂൽ നേടിക്കഴിഞ്ഞു. 2018ൽ യഥാക്രമം 78 , 87 ശതമാനമായിരുന്നു ഇത്.

കിഴക്കൻ മിദ്നാപൂർ, അലിപുർദ്വാർ തുടങ്ങിയ ജില്ലകളിൽ ഭരണകക്ഷി മത്സരങ്ങൾ നേരിടേണ്ടി വരും. എന്നാൽ 20 ജില്ലാ പരിഷത്തുകളിൽ ഒന്നുപോലും നഷ്ടപ്പെടാൻ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ തരംഗം സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രധാന ക്യാമ്പയിനായിരുന്ന 'നോ വോട്ട് ഫോർ മമത'യെ 'നൗ വോട്ട് ഫോർ മമത' എന്നാക്കി മാറ്റിയ ജനങ്ങളോട് നന്ദി പറയുന്നു എന്നായിരുന്നു തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ട്വീറ്റ്.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ബിജെപിയും ആരോപിച്ചു. വോട്ടെടുപ്പ് പ്രക്രിയ ഒരു പ്രഹസനമായിരുന്നു എന്നതാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇടതുപക്ഷ- കോൺഗ്രസ് സഖ്യവും ആരോപിച്ചു. അതുകൊണ്ട് തന്നെ കാര്യമായ വിശകലനത്തിന് സാധ്യതയില്ലെന്നും അവർ പറഞ്ഞു. 12 വർഷത്തെ തൃണമൂൽ ഭരണത്തിന് ശേഷമുള്ള ഭരണവിരുദ്ധത, ഭരണകക്ഷി നേതാക്കൾക്കെതിരായ അഴിമതിക്കേസുകൾ തുടങ്ങിയ ഘടകങ്ങളിലാണ് പ്രതിപക്ഷം പ്രതീക്ഷയർപ്പിച്ചിരുന്നത്. എന്നാൽ അതെല്ലാം വൃഥാവിലായതെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷങ്ങൾ മമതയോട് മുഖം തിരിക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്ന സമയത്ത് കൂടിയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. സാഗർദിഗിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ തോൽവി അതിന് ഉത്തേജകം പകരുന്നതായിരുന്നു. എന്നാൽ ന്യൂനപക്ഷ ആധിപത്യമുള്ള നോർത്ത് ദിനാജ്പുർ, മാൾഡ, മുർഷിദാബാദ്, ബിർഭം, സൗത്ത് 24-പർഗാനാസ് എന്നിവിടങ്ങളിൽ ഭരണകക്ഷിക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ചൊവ്വാഴ്ചത്തെ ട്രെൻഡ് തെളിയിക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിരുദ്ധത സൃഷ്ടിക്കുക എന്നതായിരുന്നു ബിജെപിയുടെ പ്രാഥമിക ലക്ഷ്യം. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ വൻ വിജയത്തിന് പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകൾ നേടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ