പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ടിഎംസി പ്രവര്‍ത്തകനായ സിയറുള്‍ മൊല്ലയെ ബസന്തിയില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിയറുള്‍ മൊല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും നിരന്തരം ഭീഷണികള്‍ നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമാണ് അദ്ദേഹത്തിന്റേതെന്നും കുടുംബം ആരോപിക്കുന്നു.
ഉള്‍പാര്‍ട്ടി വഴക്കാണ് മരണത്തിന് കാരണമെന്ന് ബിജെപി
ശനിയാഴ്ച രാത്രിയാണ് സിയറുള്‍ മൊല്ലയ്ക്ക് വെടിയേറ്റത്. ഇത് ജില്ലയുടെ പലഭാഗങ്ങളിലും ബിജെപി - ടിഎംസി സംഘര്‍ഷത്തിന് കാരണമായി. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. ആരോപണം നിഷേധിച്ച ബിജെപി, ടിഎംസിയിലെ ഉൾപാർട്ടി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചു.
പാർട്ടിയുടെ സജീവപ്രവർത്തകനെയാണ് നഷ്ടമായതെന്ന് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നു. വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഗുണ്ടാ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വാദം. പാർട്ടിയിലെ ഒരു വിഭാഗത്തിൽ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മകൻ തള്ളിക്കളയുന്നില്ല. പലപ്പോഴും ഭീഷണി കോളുകൾ വന്നിരുന്നെന്ന് മകൻ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്.