ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ഗോത്രവർഗ പാർട്ടിയായായ തിപ്ര മോത. 60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ തിപ്ര മോതയുടെ പിന്തുണ വേണ്ടി വരുമെന്നതാണ് സാഹചര്യം. അതായത് ഇത്തവണ ത്രിപുരയിലെ കിങ് മേക്കറാകുന്നത് പ്രദ്യോത് ദേബ്ബര്‍മയുടെ തിപ്രയാകുമെന്നാണ് ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.
പുതിയ തുടക്കം എന്ന നിലയിൽ കരുത്തുറ്റ മുന്നേറ്റമാണ് തിപ്രമോതയുടേത്. ഗോത്രവർഗ്ഗത്തിന്റെ വോട്ട് ഐപിഎഫ്ടിയിലേക്കോ ബിജെപിയിലേക്കോ അട്ടിമറിക്കപ്പെടാതെ പിടിച്ചെടുക്കാൻ തിപ്രമോതയ്ക്ക് സാധിച്ചു. കഴിഞ്ഞവർഷം ഐപിഎഫ്ടി പിന്തുണയോടെ ബിജെപി പിടിച്ചെടുത്ത ഗോത്രവോട്ടുകൾ ഇത്തവണ തിപ്ര മോതയിലേക്ക് ഒഴുകിയിരിക്കുകയാണ് .
ത്രിപുരയിൽ കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഐപിഎഫ്ടിയുടെ പിന്തുണകൊണ്ട് മാത്രമാണ് ഗോത്രവോട്ടുകള്‍ ബിജെപിയിലെത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ത്രിപുര ട്രൈബല്‍ ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി -ഐപിഎഫ്ടി സഖ്യത്തെ തിപ്ര മോത നിലപരിശാക്കിയിരുന്നു. 28 സീറ്റിൽ 18 എണ്ണവും പ്രദ്യോത് പിടിച്ചെടുത്തത് മുതൽ ഭരണകക്ഷിയായ ബിജെപി ഈ പുതിയ മുന്നേറ്റത്തിൽ അസ്വസ്ഥരാണ്. രാജകുടുംബാംഗവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ കരുത്തുറ്റ നേതൃത്വമാണ് തിപ്രമോതയുടെ ശക്തി.
ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.
പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനാസാധുത ഉറപ്പാക്കിയാല്‍ മാത്രമെ ബിജെപിക്ക് ഒപ്പം പോകൂവെന്ന് തിപ്ര മോത നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ഞങ്ങള്‍ വിഘടനവാദികളല്ല, പക്ഷെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കപ്പെടണം' - എന്നായിരുന്നു പാര്‍ട്ടി നേതാവ് പ്രദ്യോത് ദേബ്ബര്‍മയുടെ നിലപാട്. തിപ്ര മോത എത്രത്തോളം വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നതിനെ അടിസ്ഥാനമാക്കിയാകും ത്രിപുരയിലെ സര്‍ക്കാര്‍ രൂപീകരണം.