ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരണ തെറ്റിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക. സഖ്യം തീരുമാനിച്ചതിലും അധികം സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പുറത്തിറക്കിയ പട്ടികയില്‍ 17 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോൺഗ്രസ് 17 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും 13 സീറ്റിൽ മത്സരിക്കാം എന്നായിരുന്നു ധാരണ. ഒരാഴ്ചത്തെ ചർച്ചകൾക്കൊടുവില്‍ സിപിഎം 43 സീറ്റുകളിലും സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഓരോ സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു തീരുമാനം.
ധാരണയായതിന് പുറമെ, ബർജാല, മജ്‌ലിസ്പുര്‍, ബദർഘട്ട്, ആർകെ പുർ എന്നീ നാല് സീറ്റുകളിലാണ് കോൺഗ്രസ് സൗഹൃദ മത്സരമെന്ന പേരിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യ കക്ഷികളിലെ മറ്റ് സ്ഥാനാർഥികളും ഇവിടങ്ങളിൽ നിന്ന് ജനവിധി തേടും. കോൺഗ്രസ് കോട്ടയായ ബദർഘട്ടിൽ ഫോർവേഡ് ബ്ലോക്കും കോൺഗ്രസും ബിജെപിയും മത്സരിപ്പിക്കുന്നത് ഒരേ കുടുംബത്തിൽ നിന്നുള്ളവരെയുമാണ്. ബിജെപി മിന സർക്കാരിനെ നാമനിർദ്ദേശം ചെയ്തപ്പോൾ അവരുടെ മൂത്ത സഹോദരൻ രാജ് കുമാർ സർക്കാരിനെ കോൺഗ്രസും അവരുടെ അനന്തരവൻ പാർത്ഥ പ്രതിം സർക്കാരിനെ ഫോർവേഡ് ബ്ലോക്കും മത്സരിപ്പിക്കും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബിജെപി എംഎൽഎയുമായ ആശിഷ് കുമാർ സാഹയാണ് ടൗൺ ബർദോവലി മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി ഡോ. മണിക് സാഹയ്‌ക്കെതിരെ മത്സരിക്കുന്നത്.
സംസ്ഥാനത്ത് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ ഇത്തവണ മത്സരിക്കുന്നില്ല. മണിക് സർക്കാർ സ്ഥിരമായി മത്സരിച്ചിരുന്ന ധാൻപൂർ മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിന്റെ കൗശിക് ചന്ദയാണ് മത്സരിക്കുന്നത്. ചന്ദയടക്കം 24 പുതുമുഖങ്ങളാണ് ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയിലുള്ളത്. എട്ട് സിറ്റിങ് എംഎൽഎമാർ ഇത്തവണ മത്സരിക്കില്ലെന്നും പാർട്ടി അറിയിച്ചു.
ഭരണകക്ഷിയായ ബിജെപി 48 സീറ്റുകളില്‍ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപിയെ നേരിടാൻ ആദ്യമായാണ് സിപിഎമ്മും കോൺഗ്രസും സംസ്ഥാനത്ത് ഒന്നിക്കുന്നത്. സംസ്ഥാന ഭരണത്തിൽ നിന്നും ബിജെപിയെ താഴെയിറക്കാൻ ഇടതുപക്ഷ മുന്നണിയും കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബിജെപിക്കും ആർഎസ്എസിനുമെതിരെ പോരാടാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞത്.