INDIA

സിംഹങ്ങളെ കൈമാറുമ്പോള്‍ അക്ബര്‍ - സീത എന്ന് പേരുചേര്‍ത്തു; ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്പി കല്‍ക്കട്ടാ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ മൃഗശാലയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍‍ക്ക് നല്‍കിയത് തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രബിന്‍ലാല്‍ അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി കോടതിയെ സമീപിച്ചത്. മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കന്‍ ബംഗാള്‍ വന്യ മൃഗ പാര്‍ക്കിലേക്ക് മാറ്റിയത്.

ആ സമയത്ത് ത്രിപുരയിലെ മുഖ്യ വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു 1994 ഐഎഫ്എസ് ബാച്ചുകാരനായ പ്രബിന്‍ലാല്‍ അഗര്‍വാള്‍. സിലിഗുരിയിലേക്ക് സിംഹ ദമ്പതികളെ മാറ്റുന്നതിനിടെ പ്രബിന്‍ലാലാണ് രജിസ്റ്ററില്‍ അക്ബര്‍, സീത എന്നീ പേരുകള്‍ സിംഹങ്ങള്‍ക്കിട്ടത്.

തുടര്‍ന്ന് ഈ പേരിടല്‍ വിഎച്ച്പി വലിയ വിവാദമാക്കുകയായിരുന്നു. ഫെബ്രുവരി 21ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ വിഎച്ച്പി പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയും സിംഹ ദമ്പതികളുടെ പേര് മാറ്റാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. സിംഹങ്ങളുടെ പേര് യുക്തിരഹിതമാണെന്നും ദൈവ നിന്ദയ്ക്ക് തുല്യമാണെന്നും ആരോപിച്ച് വിഎച്ച്പി റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

ത്രിപുരയില്‍ നിന്നുമാണ് സിംഹദമ്പതികള്‍ക്ക് പേര് നല്‍കിയതെന്നും എന്ത് മാറ്റത്തിന്റെയും ഉത്തരവാദിത്തം ത്രിപുരയിലെ മൃഗശാല അധികാരികള്‍ക്കാണെന്നും ബംഗാള്‍ വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് അഗര്‍വാളിനെ ത്രിപുര സര്‍ക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും സിംഹ ദമ്പതികള്‍ക്ക് സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയത് താനല്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മൃഗങ്ങളുടെ കൈമാറ്റ പരിപാടിയിലാണ് പേരുകള്‍ മാറ്റിയതെന്ന് കണ്ടെത്തുകയും അത് അഗര്‍വാളിന്റെ സസ്‌പെന്‍ഷനിലേക്ക് നയിക്കുകയുമായിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി