അർണബ് ഗോസ്വാമി 
INDIA

ടിആർപി തട്ടിപ്പ് കേസ്: റിപ്പബ്ലിക്ക് ടിവിക്കും ആർ ഭാരതിനും ഇഡിയുടെ ക്ലീൻ ചിറ്റ്

വെബ് ഡെസ്ക്

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിക്കും ആർ ഭാരതിനും ഇഡിയുടെ ക്ലീൻ ചിറ്റ്. റിപ്പബ്ലിക്ക് ടിവിക്കും ആർ ഭാരതിനുമെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. റിപ്പബ്ലിക് ചാനലിന്റെ പങ്ക് പരിശോധിച്ചുവെന്നും മുംബൈ പോലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളിൽ വ്യത്യാസമുള്ളതിനാലാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും ഇഡി അറിയിച്ചു. ന്യൂസ് നേഷൻ, ഇന്ത്യാ ടുഡേ എന്നീ ചാനലുകൾക്കെതിരായ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക പിഎംഎൽഎ കോടതിയിൽ കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.

ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിക്കുകയും അതുവഴി ആരോപണവിധേയമായ അഴിമതിയിൽ നിന്ന് പ്രയോജനം നേടുകയും മികച്ച പരസ്യ വരുമാനം നേടുകയും ചെയ്തുവെന്നാണ് മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്

കഴിഞ്ഞ വർഷമാണ് റിപ്പബ്ലിക് ടിവി, ചാനൽ എഡിറ്റർ-ഇൻ ചീഫ് അർണബ് ഗോസ്വാമി, ചാനൽ ഉടമസ്ഥരായ എആർജി ഔട്ട്‌ലിയർ മീഡിയ എന്നിവർക്കെതിരെ മുംബൈ പോലീസ് കേസെടുക്കുന്നത്. റിപ്പബ്ലിക്ക്, ടെലിവിഷൻ ചാനലുകളുടെ ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിക്കുകയും അതുവഴി ആരോപണവിധേയമായ അഴിമതിയിൽ നിന്ന് പ്രയോജനം നേടുകയും മികച്ച പരസ്യ വരുമാനം നേടുകയും ചെയ്തുവെന്നാണ് മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ഇതേത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തിരുന്നു.

ബോക്‌സ് സിനിമ, ഫക്ത് മറാഠി, മഹാ മൂവീസ് ചാനലുകളുമായി ബന്ധമുള്ളവരും ഹൻസ റിസർച്ച് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ റിലേഷൻഷിപ്പ് മാനേജർമാരുമുൾപ്പെടെ 16 പേരെ ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. റിപ്പബ്ലിക് ചാനൽ പ്രേക്ഷരെന്ന് അവകാശപ്പെടുന്നവരുടെ പാനൽ വിവരങ്ങൾ BARC-ൽ നിന്ന് ആവശ്യപ്പെട്ടിരുന്നതായി ഇഡി വ്യക്തമാക്കി. എന്നാൽ റിപ്പബ്ലിക് ടിവി, ആർ ഭാരത് എന്നിവയ്ക്ക് പുറമെ ഇവർ മറ്റ് ചാനലുകളും കാണാറുണ്ടായിരുന്നുവെന്നും ചാനലുകൾ കാണുന്നതിന് പണം വാങ്ങിയിരുന്നില്ലെന്നും കണ്ടെത്തിയതായി ഇഡി കുറ്റപത്രത്തിൽ രേഖപ്പെടുത്തി.

പണം കൈപറ്റി ചില കുടുംബങ്ങൾ ന്യൂസ് നേഷനും ഇന്ത്യാ ടുഡേയും കാണുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നു

എന്നാൽ ചിലയിടങ്ങളിൽ ടിആർപിയിൽ കൃത്രിമം നടന്നതായും ഇഡി കുറ്റപത്രത്തിൽ സൂചിപ്പിച്ചു. റിലേഷൻഷിപ്പ് മാനേജർമാരിൽ നിന്ന് പണം കൈപറ്റി ചില കുടുംബങ്ങൾ ന്യൂസ് നേഷനും ഇന്ത്യാ ടുഡേയും കാണുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.

ടിആർപിയിൽ തട്ടിപ്പ് നടത്തിയതായും ചാനൽ കാണുന്നതിന് പ്രേക്ഷകർക്ക് പണം കൈമാറിയതായും ആരോപിച്ച്, 2020 ഒക്ടോബര്‍ ആറിനാണ് നിരവധി ചാനലുകൾക്കെതിരെ മുംബൈ കണ്ടിവാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനും പിന്നീട് ഇഡിക്കും കൈമാറുകയായിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി