INDIA

'സത്യത്തെ മോദിയുടെ ലോകത്ത് മാത്രമേ ഇല്ലാതാക്കാൻ കഴിയൂ'; സഭാ രേഖകളിൽനിന്ന് പരാമർശങ്ങൾ നീക്കിയതിനെതിരെ പരാതി നൽകി രാഹുൽ

ചൊവ്വാഴ്ചത്തെ നടപടികൾക്ക് മുന്നോടിയായി പാർലമെൻ്റ് സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

വെബ് ഡെസ്ക്

തിങ്കളാഴ്ച നടത്തിയ ലോക്സഭാ പ്രസംഗത്തിലെ തന്റെ പരാമർശങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ ലോകത്തുനിന്ന് മാത്രമേ സത്യത്തെ നീക്കം ചെയ്യാൻ കഴിയൂ, യാഥാർഥ്യത്തിൽനിന്ന് പറ്റില്ലെന്ന് രാഹുൽ പറഞ്ഞു. ചൊവ്വാഴ്ചത്തെ നടപടികൾക്ക് മുന്നോടിയായി പാർലമെൻ്റ് സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ബിജെപിയെയും ആർ എസ് എസിനെയും ഹിന്ദു മതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നതുമെതിരെയും പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാഹുലിന്റെ പരാമർശങ്ങൾ സഭ രേഖകളിൽനിന്ന് സ്പീക്കർ നീക്കിയത്.

ഓം ബിർളയ്ക്ക് നൽകിയ കത്ത്

“മോദിയുടെ ലോകത്ത് സത്യത്തെ തുടച്ചുനീക്കാം, എന്നാൽ യാഥാർഥലോകത്ത് സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല” രാഹുൽ ഗാന്ധി പറഞ്ഞു. പറയാനുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതെത്ര വേണമെങ്കിലും നീക്കം ചെയ്യാം, പക്ഷെ സത്യമേ വിജയിക്കൂ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ വർഗീയ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച സ്പീക്കർ ഓം ബിർളയ്ക്ക് നൽകിയ കത്തിൽ, തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ “നടപടിക്രമങ്ങളുടെ മറവിൽ” ഒഴിവാക്കുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വെട്ടിമാറ്റിയ കാര്യമറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അദ്ദേഹം കത്തിൽ കുറിച്ചു. "സഭയിൽ പറയാൻ ശ്രമിച്ചത് അടിസ്ഥാന യാഥാർഥ്യമാണ്, വസ്തുതാപരമായ നിലപാട്". അദ്ദേഹം പറഞ്ഞു.

കൂടാതെ, കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് ഠാക്കൂറിൻ്റെ തിങ്കളാഴ്ചത്തെ പ്രസംഗത്തെ കുറിച്ചും രാഹുൽ കത്തിൽ സൂചിപ്പിച്ചു. അതിൽ മുഴുവൻ ആരോപണങ്ങൾ മാത്രമായിരുന്നിട്ടും ഒരുവാക്ക് മാത്രമാണ് ഒഴിവാക്കിയത്. ചിലർക്ക് നേരെ മാത്രമുള്ള നടപടി യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ ഭരണഘടന വിജയിക്കട്ടെ എന്ന് വിളിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗം ആരംഭിച്ചത്. ഒരുമണിക്കൂർ നാല്പത് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ അഗ്നിവീർ, കർഷക പ്രക്ഷോഭങ്ങൾ, ബിജെപിയുടെ വിദ്വേഷപ്രചാരണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ രാഹുൽ ഉയർത്തിക്കാട്ടി. എന്നാൽ രാഹുൽ നടത്തിയ പരാമർശം, മുഴുവൻ ഹിന്ദു സമുദായത്തെ ഉദ്ദേശിച്ചാണെന്നായിരുന്നു മോദി ഉൾപ്പെടെയുള്ളവരുടെ ആദ്യം മുതലേയുള്ള ആരോപണം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍