ടെലിവിഷന്‍ താരം തുനീഷ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹനടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഷീസാനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകർന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. തുനിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി മുംബൈയിലെ ജെ ജെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
'അലി ബാബ:ദസ്താന്‍ -ഇ-കാബൂള്‍' എന്ന സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് തുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20കാരിയായ നടി സഹതാരത്തിന്റെ മേക്കപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയിലായിരുന്നു. ഷൂട്ടിങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ താരം ഏറെ നേരം കഴിഞ്ഞും കാണാതായതോടെ അണിയറ പ്രവർത്തകർ തിരഞ്ഞെത്തുകയായിരുന്നു. തുടര്‍ന്ന് കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തുനിഷ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
തുനിഷയുടെ മരണം ആത്മഹത്യയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചെങ്കിലും സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ സാധ്യതകളും മുന്‍നിര്‍ത്തിയാവും അന്വേഷണം നടക്കുകയെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷീസന്‍ മുഹമ്മദ് ഖാന്‍ 'അലി ബാബ:ദസ്താന്‍-ഇ-കാബൂള്‍' സീരിയലില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
സോണി ടിവിയിലെ 'ഭാരത് കാ വീർ പുത്ര - മഹാറാണാ പ്രതാപ്' എന്ന ഷോയിൽ ബാലതാരമായാണ് തുനിഷ ശർമ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ പഞ്ചാബ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'അലി ബാബ ദസ്താൻ-ഇ-കാബൂളിൽ' 'ഷെഹ്‌സാദി മറിയം' എന്ന കഥാപത്രമാണ് തുനിഷ അവതരിപ്പിച്ചിരുന്നത്.
സിനിമകളിലും ചെറിയ വേഷങ്ങളിൽ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്രീന കൈഫും ആദിത്യ റോയ് കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഫിത്തൂർ ആണ് തുനിഷയുടെ ആദ്യ സിനിമ. കത്രീന കൈഫിന്റെ ഇളയ സഹോദരിയായാണ് സിനിമയിൽ വേഷമിട്ടത്. ബാർ ബാർ ദേഖോ, കഹാനി 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.