INDIA

പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

ഛത്തീസ്ഗഡിൽ കന്നുകാലി കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ റായ്പൂരിനടുത്ത് അരംഗിൽ ആണ് സംഭവം. പരിക്കേറ്റയാൾ ഇതുവരെ മൊഴി നൽകാൻ സാധിക്കുന്ന എത്താത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആൾക്കൂട്ട ആക്രമണമാണെന്ന് ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചു.

ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷിക്കാണ് പരിക്കേറ്റത്. എല്ലാവരും ഉത്തർപ്രദേശ് സ്വദേശികളാണ്. സദ്ദാമിന് ഗുരുതരമായി പരിക്കേറ്റതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ചന്ദിൻ്റെയും സദ്ദാമിൻ്റെയും ബന്ധുവായ റായ്പൂർ സ്വദേശി ഷൊയ്ബ് കൊല്ലപ്പെട്ടവർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ജനക്കൂട്ടം മൂവരെയും ആക്രമിച്ചുവെന്നാണ് ഷൊയ്ബ് നൽകിയ മൊഴി.

രണ്ട് ഫോൺ കോളുകളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ചന്ദ് മിയ ഖാൻ ഷൊയ്ബിനെയും സദ്ദാം ഖുറേഷി മറ്റൊരു സുഹൃത്തായ മൊഹ്‌സിനെയും ബന്ധപ്പെട്ടിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ആക്രമിക്കപ്പെട്ടുവെന്നാണ് ഫോൺ സംഭാഷണത്തിൽ ഇവർ സൂചിപ്പിച്ചത്.

“പുലർച്ചെ 1.45 ഓടെ എനിക്ക് ചന്ദിൽ നിന്ന് ഒരു കോൾ വന്നു. തന്നെ ചിലർ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞ ഹ്രസ്വസംഭാഷണമായിരുന്നു അത്. ഇവരുടെ വാഹനത്തിൻ്റെ ടയർ ഊരിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകുന്നതിന് മുമ്പ്, കോൾ വിച്ഛേദിക്കപ്പെട്ടു. അക്രമികൾ ഇയാളുടെ ഫോൺ തട്ടിയെടുത്തതായി ഞാൻ സംശയിക്കുന്നു. ഞാൻ ചന്ദിനെ തിരികെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ കോളുകൾക്ക് ഉത്തരം ലഭിച്ചില്ല,"ഷോയിബ് പറഞ്ഞു.

“ഏകദേശം ഒരു മണിക്കൂറിന് ശേഷം, 57 മിനിറ്റ് നീണ്ടുനിന്ന മൊഹ്‌സിനുമായുള്ള രണ്ടാമത്തെ കോളിൽ, തൻ്റെ കൈകാലുകൾ തകർന്നതായി സദ്ദാം പറയുന്നത് കേൾക്കാമായിരുന്നു. തന്നെ വെറുതെ വിടാൻ അക്രമികളോട് അപേക്ഷിക്കുകയായിരുന്നു. മൊഹ്സിന് ഫോൺ വന്നപ്പോൾ ഞാൻ അവനോടൊപ്പമുണ്ടായിരുന്നു. സദ്ദാം ഫോൺ പോക്കറ്റിൽ ഇട്ടിരുന്നെങ്കിലും വിച്ഛേദിച്ചിരുന്നില്ല. അവൻ തുടർച്ചയായി വെള്ളം ചോദിക്കുന്നത് ഞങ്ങൾ കേട്ടു. അക്രമികൾ അവരെ അധിക്ഷേപിക്കുകയും വാഹനത്തിൽ കന്നുകാലികളെ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അവരോട് ചോദിക്കുകയും ചെയ്തു, ”ഷോയബ് പറഞ്ഞു.

പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിലാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് മഹാനദി പാലത്തിന് കീഴിൽ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് മൂവരെയും കണ്ടെത്തിയത്. ഒരാൾ സംഭവ സ്ഥലത്തും മറ്റെയാൾ ആശുപത്രിയിലും ആണ് മരിച്ചത്. പാലത്തിൽ നിന്ന് ആളുകൾ എങ്ങനെയാണ് വീണതെന്ന അന്വേഷിക്കുകയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് പറഞ്ഞു. 30 അടിയോളം ഉയരത്തിൽ നിന്നാണ് മൂവരും വീണത്. കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ സദ്ദാമിന്റെ മൊഴിക്കായി കാത്തിരിക്കുകയാണെന്നും കന്നുകാലികളുമായി വാഹനം പാലത്തിൽ കണ്ടെത്തിയതായി റാത്തോഡ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും