INDIA

പൂനെ പോര്‍ഷെ അപകടം: മദ്യപിച്ച പതിനേഴുകാരന്റെ രക്തം മാറ്റി മദ്യപിക്കാത്തയാളുടെ രക്തം വച്ചു, ഡോക്ടര്‍മാര്‍ അറസ്റ്റില്‍

സസൂണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അജയ് തവാഡെ, ഡോ ഹരി ഹാര്‍നോര്‍ എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

വെബ് ഡെസ്ക്

പൂനെയില്‍ രണ്ടു സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍മാരുടെ ദാരുണാന്ത്യത്തിന് കാരണമായ പോര്‍ഷെ അപകടത്തില്‍ വീണ്ടും വഴിത്തിരിവ്. കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ രക്തസാംപിളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതോടെ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍.

സസൂണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ അജയ് തവാഡെ, ഡോ ഹരി ഹാര്‍നോര്‍ എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂനെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ. തവാഡെ. രണ്ട് ഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പതിനേഴുകാരന്റെ രക്തപരിശോധനയില്‍ അപകടദിവസം മദ്യപിച്ചിരുന്നോ എന്നറിയാനുള്ള ടെസ്റ്റ് നെഗറ്റീവായിരുന്നു. എന്നാല്‍, പതിനേഴുകാരന്‍ അപകടദിവസം രാത്രി പബില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആദ്യ രക്തസാമ്പിളില്‍ മദ്യം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതില്‍ മദ്യം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇത് സംശയം ജനിപ്പിച്ചതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ സാമ്പിളുകള്‍ വ്യത്യസ്ത ആളുകളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി, പതിനേഴുകാരന്റെ രക്ത സാംപിളിനു പകരം മദ്യപിക്കാത്തെ മറ്റാരുടെയോ രക്തമാണ് ഡോക്ടര്‍മാര്‍ പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയത്.

പൂനെയിലെ ശതകോടീശ്വരമായ ബില്‍ഡര്‍ വിശാല്‍ അഗര്‍വാളിന്റെ മകനാണ് കല്യാണിനഗര്‍ മേഖലയില്‍ മദ്യപിച്ച് അമിതവേഗതയില്‍ പോര്‍ഷെ ഓടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു.

അപകടത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരന്‍ പബ്ബില്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നത്. അമിതവേഗതയിലെത്തിയ പോര്‍ഷെ മധ്യപ്രദേശില്‍നിന്നുള്ള ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിര്‍ത്തിയിട്ടിരുന്ന കാറിലേക്കും തെറിച്ച് വീണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. പിന്നാലെ അടുത്തുള്ളവര്‍ ഓടിയെത്തുന്നതും കാറിലുള്ളവരെ മര്‍ദ്ദിക്കുന്നതും സംഭവ സ്ഥലങ്ങളില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

മകന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് അറിഞ്ഞിട്ടും വിശാല്‍ കാര്‍ വിട്ടുനല്‍കുകയും മകന്റെ ജീവന്‍ അപകടത്തിലാക്കുകയും മകന്‍ മദ്യം കഴിക്കുമെന്ന് അറിഞ്ഞിട്ടും പാര്‍ട്ടിക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് കുടുംബത്തിലെ ഡ്രൈവര്‍ ആരോപിച്ചതിനെ തുടര്‍ന്ന് കേസില്‍ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസും എട്ട് മാസവും പ്രായമുള്ള കൗമാരക്കാരനായ പ്രതിയെ മുതിര്‍ന്നയാളായി വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് എഞ്ചിനീയര്‍മാരുടെയും കുടുംബങ്ങള്‍ ഇത് 'കൊലപാതകമാണ്, അപകടമല്ല' എന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ