ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലേ ബിജെപിയില്‍ ചേര്‍ന്ന് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍. ഇതോടെ 90 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 50 സീറ്റുകളായി. രാജേഷ് ജൂണ്‍, ദേവേന്ദര്‍ കദ്യാന്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചശേഷം ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.
ഇതിന്‌റെ ഭാഗമായി രാജേഷ് ജൂണും ദേവേന്ദര്‍ കദ്യാനും ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി.
സാവിത്രി ജിന്‍ഡാല്‍ ഉള്‍പ്പെടെ ഹരിയാനയിലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായി ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി പറഞ്ഞു.
'മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയുടെ വിജയത്തില്‍ സന്തുഷ്ടരാണ്, അവര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. അവര്‍ ഡല്‍ഹിഹിലെത്തി കേന്ദ്രനേതൃത്വത്തെ കാണുന്നുണ്ട്' ബദോലി പറഞ്ഞു.
ബഹാദുര്‍ഗഡില്‍നിന്ന് മത്സരിച്ച രാജേഷ് ജൂണ്‍ 41,999 വോട്ടുകള്‍ക്ക് ബിജെപിയുടെ ദിനേശ് കൗശിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്വതന്ത്രനായി മത്സരിച്ച ബിജെപി വിമതന്‍ ദേവേന്ദര്‍ കദ്യാന്‍ 35,209 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്‌റെ കുല്‍ദിപ് ശര്‍മയെ ഗനൗറില്‍ പരാജയപ്പെടുത്തി.
കുരുക്ഷേത്ര ബിജെപി എംപി നവീന്‍ ജിന്‍ഡാലിനറെ അമ്മ സാവിത്രി ജിന്‍ഡാല്‍ ഹിസാറില്‍നിന്ന് സ്വതന്ത്രയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ രാം നിവാസ് രാരയെ 18,941 വോട്ടുകള്‍ക്കാണ് സാവിത്രി പരാജയപ്പെടുത്തിയത്.
1966-ല്‍ സംസ്ഥാനം നിലവില്‍വന്നശേഷമുള്ള ഏറ്റവും മികച്ച വിജയമാണ് ഹരിയാനയില്‍ ഇത്തവണ ബിജെപി സ്വന്തമാക്കിയത്. 48 സീറ്റുകളിലാണ് ബിജെപി വെന്നിക്കൊടി പായിച്ചത്. ആദ്യഘട്ട വോട്ടെണ്ണലില്‍ മുന്നിട്ടുനിന്നെങ്കിലും കോണ്‍ഗ്രസിന് 37 സീറ്റുകളാണ് നേടാനായത്. ഐഎന്‍എല്‍ഡി രണ്ട് സീറ്റുകള്‍ നേടിയെങ്കിലും അക്കൗണ്ട് തുറക്കുന്നതില്‍ ജെജെപിയും ആംആദ്മിയും പരാജയപ്പെട്ടു.
മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് അദ്ദേഹത്തെ പ്രശംസിച്ചു.