INDIA

തീപിടിച്ചെന്ന സന്ദേശത്തെത്തുടർന്ന് ട്രെയിനില്‍ നിന്ന് ചാടി; ജാർഖണ്ഡില്‍ രണ്ട് പേർക്ക് ദാരുണാന്ത്യം

ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്റ്റേഷനിലാണ് അപകടം.

വെബ് ഡെസ്ക്

ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റയില്‍വേ സ്റ്റേഷനിലാണ് അപകടം. ഭഗവല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹം ലഭിച്ചതായി സൂചനയുണ്ട്.

ട്രെയിനിന് തീപിടിച്ചെന്ന സന്ദേശത്തെത്തുടര്‍ന്ന് പുറത്തേക്കു ചാടിയവരാണ് അപകടത്തില്‍ പെട്ടത്. ട്രാക്കിലേക്കു ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ പാളത്തില്‍ കല്ല് പാകിയിരുന്നതായും അതില്‍ നിന്ന് ട്രെയ്നിൻ്റെ ചക്രങ്ങള്‍ ഉരസി തീ പിടിക്കുകയായിരുന്നുവെന്നും ജംതാര സില പരിഷത് അംഗവും അപകടത്തിൻ്റെ ദൃക്സാക്ഷിയുമായ സുരേന്ദ്ര മണ്ഡേല്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ട്രെയിൻ എമർജൻസി ചെയ്ൻ വഴി നിർത്തിക്കുകയും തുടർന്ന് യാത്രക്കാർ തൊട്ടടുത്തുള്ള ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ ലോക്കല്‍ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും മെഡിക്കല്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്‌റ പറഞ്ഞു. സംഭവത്തില്‍ ഏതാനും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന് റയില്‍വേ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം അപകടത്തെക്കുറിച്ച് അറിഞ്ഞെന്നും ജംതാരയിലേക്ക് പോകുകയാണെന്നും ജംതാര എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും