ജമ്മു കശ്‍മീരിലെ പൂഞ്ച് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ മരിച്ചു. സുബേദാർ കുൽദീപ് സിങ്, തെലു റാം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച സുരൻകോട്ട് പ്രളയ ബാധിത പ്രദേശത്ത് പെട്രോളിങ്ങിനിടെ ഡോഗ്ര നല്ലാ നദി മുറിച്ചുകടക്കുമ്പോഴാണ് സൈനികർ ഒഴുക്കിൽപ്പെട്ടത്. സുബേദാർ കുൽദീപ് സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാത്രിയും തെലു റാമിന്റെ മൃതദേഹം ഞായറാഴ്ചയും നദിയിൽ നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഇരുവരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സൈന്യം അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു മേഖലയിലെ കത്വ, സാംബ, മറ്റ് താഴ്വാര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രദേശവാസികള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് വക്താവ് അറിയിച്ചു.
ജമ്മു കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ ഏഴ് മരണമാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. തെക്കു പടിഞ്ഞാറന്‍ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.