ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡറാണെന്നാണ് സൂചന.ഇന്നലെയാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലാരംഭിച്ചത്.
ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗം ഗ്രാമത്തിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. "പുൽവാമയിലെ ലാരോ-പരിഗാം മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ദൗത്യത്തിലാണ്. വിശദാംശങ്ങൾ പിന്നാലെ," കശ്മീർ സോൺ പോലീസ് എക്സിൽ കുറിച്ചു.
രണ്ടാഴ്ച മുൻപ് രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഓഗസ്റ്റ് അഞ്ച് മുതലാണ് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.
ഓഗസ്റ്റ് നാലിന് ജമ്മു കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.