ഉപയോക്താക്കളുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി വാട്സാപ്പുമായി കൈകോർക്കുകയാണ് ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ ഊബർ. ഇനി മുതൽ വാട്സാപ്പിലൂടെ ഊബർ സേവനങ്ങൾ ലഭ്യമാകും. തുടക്കത്തിൽ ഡൽഹിയിലുള്ളവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക.
''ഡൽഹിയിലെ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിലെ ഞങ്ങളുടെ ഔദ്യോഗിക ചാറ്റ്‌ബോട്ട് വഴി ഊബർ റൈഡ് ബുക്ക് ചെയ്യാനുള്ള പുതിയ സേവനം ഞങ്ങൾ അവതരിപ്പിക്കുന്നു''. ഔദ്യോഗിക പ്രസ്താവനയിൽ ഊബർ അറിയിച്ചു.
ഈ സേവനം ലഭിക്കാന്‍ +917292000002 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. തുടർന്ന് ലഭിക്കുന്ന ചാറ്റ് ബോക്സിൽ പിക്ക് അപ്പ് ചെയ്യേണ്ടതും ഡ്രോപ്പ് ചെയ്യേണ്ടതുമായ ലൊക്കേഷൻ നൽകുക. ഇതോടെ ഊബർ എത്തിച്ചേരുന്ന സമയവും യാത്രാ നിരക്കും മെസേജായി ലഭിക്കും. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.
കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ എങ്ങനെ ഊബർ സംവിധാനം ഉപയോഗപ്പെടുത്താം എന്ന നിർദേശവും സുരക്ഷാ മാർഗനിർദേശങ്ങളും വാട്സാപ്പിൽ ലഭിക്കും . ഇതിനായി ഹെല്പ് ഓൺ ട്രിപ്പ് എന്ന് മെസേജ് അയക്കണം. യാത്രയ്ക്കിടയിൽ എമർജൻസി ഓപ്‌ഷൻ ക്ലിക്ക് ചെയ്‌താൽ ഊബറിന്റെ കസ്റ്റമർ സപ്പോർട്ട് ടീമിൽ നിന്ന് ഇൻബൗണ്ട് കോൾ ലഭിക്കും. ആവശ്യമെങ്കിൽ യാത്ര അവസാനിച്ച് മുപ്പതു മിനിട്ടു വരെ സേഫ്റ്റി ലൈൻ നമ്പറുകളിലേക്ക് ഉപയോക്താക്കൾക്ക് വിളിക്കാനാവും.