സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തെ ചൊല്ലി വിവാദം ശക്തമായതോടെ ഉദാഹരണസഹിതം വിശദീകരണവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നതാണ് സനാതന ജാതി വിവേചനത്തിന്റെ നിലവിലെ ഉദാഹരണങ്ങളിലൊന്നെന്ന് ഉദയനിധി വ്യക്തമാക്കി.
സനാതന ധർമവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിന് നിലവിലെ ഉദാഹരണം നല്‍കാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.
സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദയനിധി വീണ്ടും വ്യക്തമാക്കി. അതിന്റെ പേരിൽ എന്ത് നിയമനടപടി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ വിശദീകരണ മറുപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ദ്രാവിഡ പ്രസ്ഥാനവും തള്ളവിരലുകള്‍ ചോദിക്കാത്ത അധ്യാപകരും തമ്മിലുള്ള ബന്ധവും എക്കാലത്തും തുടരുംഉദയനിധി സ്റ്റാലിന്‍
മഹാഭാരത്തിലെ ഉദാഹരണത്തിലൂടെയും ഉദയനിധി സ്റ്റാലിന്‍ ജാതിവിവേചനത്തെ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം അധ്യാപകദിന ആശംസ സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചപ്പോഴാണ് മഹാഭാരതത്തിലെ പരാമര്‍ശം ഉയര്‍ത്തിയത്. ''ഭാവി തലമുറയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരാണ് നമ്മുടെ അധ്യാപകര്‍. ദ്രാവിഡ പ്രസ്ഥാനവും തള്ളവിരലുകള്‍ ചോദിക്കാത്ത അധ്യാപകരും തമ്മിലുള്ള ബന്ധവും എക്കാലത്തും തുടരും. അധ്യാപദിനാശംസകള്‍'' - ഉദയനിധി കുറിച്ചു.
പാണ്ഡവരുടെയും കൗരവരുടെയും ആചാര്യനായ ദ്രോണാചാര്യന്‍, അര്‍ജ്ജുനനേക്കാള്‍ മികച്ച വില്ലാളി ആദിവാസിയായ ഏകലവ്യനാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വലത്തെ കയ്യിലെ പെരുവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. മഹാഭാരത്തിലെ ഈ സന്ദർഭമാണ് ഉദയനിധി സ്റ്റാലിന്‍ പങ്കുവച്ചത്.
വിവാദം ശക്തമായതോടെ, സനാതന ധര്‍മത്തെയും ബ്രാഹ്‌മണ്യ മൂല്യങ്ങളെയും എതിര്‍ക്കുന്നത് എക്കാലത്തും പ്രസ്ഥാനത്തിന്റെ നിലപാടാണെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കിയിരുന്നു. സനാതന ധര്‍മം നടപ്പാക്കുമ്പോൾ വിദ്യാഭ്യാസം, ക്ഷേത്ര പ്രവേശനം തുടങ്ങി വിവിധമേഖലകളിൽ തുല്യതയ്ക്കെതിരായ വിവേചനം സൃഷ്ടിക്കുമെന്നാണ് ഡിഎംകെ നിലപാട്.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പരാമര്‍ശം. ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ ബിജെപി ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിച്ചിരുന്നു.