ഉദ്ധവ് താക്കറെ  
INDIA

'ഗൂഢലക്ഷ്യമുള്ളവരെ കണ്ണടച്ച് വിശ്വസിച്ചു, എന്റെ തെറ്റ്' ; മഹാരാഷ്ട്ര രാഷ്ട്രീയത്തെ കുറിച്ച് ഉദ്ധവ് താക്കറെ

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പരോക്ഷ വിമര്‍ശനം

വെബ് ഡെസ്ക്

ഒപ്പം നിന്ന് ഒറ്റിക്കൊടുത്ത നേതാക്കളേയും ഗൂഢ ലക്ഷ്യക്കാരേയും വിശ്വസിച്ച് കൂടെ നിര്‍ത്തിയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പാര്‍ട്ടിയിലെ ആഭ്യന്തര കലാപങ്ങള്‍ക്കും മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനത്തിനും പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ തുറന്ന് പറച്ചില്‍. ശിവസേന മുഖപത്രമായ സാമ്‌നയില്‍ നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവിന്റെ പരാമര്‍ശങ്ങള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനങ്ങള്‍.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുമ്പോഴാണ് തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. എഴുന്നേറ്റ് നില്‍ക്കാനോ ഒരടിപോലും വയ്ക്കാനോ സാധിക്കാത്ത വിധം ക്ഷീണിതനായിരുന്നപ്പോഴായിരുന്നു വിമത നീക്കങ്ങളെന്നും ഉദ്ധവ് പറയുന്നു.

'' സര്‍ക്കാര്‍ വീണു, മുഖ്യമന്ത്രി പദം പോയി. ഞാന്‍ അതേകുറിച്ച് പരാതി പറയുകയല്ല. പക്ഷെ സ്വന്തം ആളുകളില്‍ നിന്നുണ്ടായ വഞ്ചന എന്നെ ഏറെ വേദനിപ്പിച്ചു
ഉദ്ധവ് താക്കറെ

'' സര്‍ക്കാര്‍ വീണു, മുഖ്യമന്ത്രി പദം പോയി. ഞാന്‍ അതേകുറിച്ച് പരാതി പറയുകയല്ല. പക്ഷെ സ്വന്തം ആളുകളില്‍ നിന്നുണ്ടായ വഞ്ചന എന്നെ ഏറെ വേദനിപ്പിച്ചു'' -ഉദ്ധവ് പറയുന്നു. തളിരില വരും മുന്‍പ് ഉണക്കയിലകള്‍ വീഴുന്നതിന് സമാനമായാണ് പാര്‍ട്ടിയിലെ വിമത നീക്കങ്ങളെ ഉദ്ധവ് വിശേഷിപ്പിക്കുന്നത്. ശിവസേനയെ വഞ്ചിച്ചവര്‍ക്ക് തക്ക മറുപടി നല്‍കാനായി തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ജനങ്ങളെന്ന് അദ്ദേഹം പറയുന്നു.

''ശിവസൈനികര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി ശിവസേനയെ ഇല്ലാതാക്കുക എന്നതാണ് ബിജെപി തന്ത്രം. ഒരിക്കല്‍ ആ തന്ത്രം വിജയിച്ച് കഴിയുമ്പോള്‍ ശിവസേനയില്‍ നിന്ന് കൂടെ കൂട്ടിയ ഉണക്കയിലകളെ അവര്‍ പുറത്തെറിയും ''. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും ഷിന്‍ഡെയെ പരിഹസിച്ചും ഉദ്ധവ് പറഞ്ഞു.

ഞാന്‍ ഒരാളെ വിശ്വസിക്കുകയെന്നാല്‍ കണ്ണടച്ച് വിശ്വസിക്കുക എന്നാണ്. അവര്‍ക്ക് എന്തും നല്‍കും - ഉത്തരവാദിത്തവും അധികാരങ്ങളുമെല്ലാം. പക്ഷെ ഇപ്പോള്‍ വിശ്വസിച്ചവരെല്ലാം വഞ്ചിച്ചു
ഉദ്ധവ് താക്കറെ

''പാര്‍ട്ടിയില്‍ ഒരിക്കല്‍ പോലും പ്രൊഫഷണല്‍ സമീപനം സ്വീകരിച്ചിരുന്നില്ല. കുടുംബമാണ് ശിവസേനയെന്നാണ് ബാലസാഹെബ് പഠിപ്പിച്ചത്. അമ്മ ഞങ്ങളോട് പറഞ്ഞു തന്നത് ഒരാള്‍ നമ്മളുടെ സ്വന്തമാണെന്ന് പറയുമ്പോള്‍, അവര്‍ പൂര്‍ണമായും നമ്മുടെ സ്വന്തമായി തീരുകയാണ് എന്നാണ്. ഒരുപക്ഷെ, രാഷ്ട്രീയത്തില്‍ നമ്മള്‍ ചെയ്യുന്ന വലിയ തെറ്റോ കുറ്റമോ ആയിരിക്കുമത്. ഞാന്‍ ഒരാളെ വിശ്വസിക്കുകയെന്നാല്‍ കണ്ണടച്ച് വിശ്വസിക്കുക എന്നാണ്. അവര്‍ക്ക് എന്തും നല്‍കും - ഉത്തരവാദിത്തവും അധികാരങ്ങളുമെല്ലാം. പക്ഷെ ഇപ്പോള്‍ വിശ്വസിച്ചവരെല്ലാം വഞ്ചിച്ചു''. ശിവസേന വഞ്ചിക്കപ്പെടാനുള്ള കാരണമെന്തെന്ന സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റൗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ഉദ്ധവിന്റെ മറുപടി.

2019ല്‍ മുഖ്യമന്ത്രിയായത് തെറ്റായോ എന്ന ചോദ്യത്തിന് ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയുള്ള ഉദ്ധവിന്റെ മറുപടി ഇങ്ങനെ - '' രണ്ട് കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. അദ്ദേഹമായിരുന്നു (ഷിന്‍ഡെ) അന്ന് (2019) മുഖ്യമന്ത്രിയായിരുന്നതെങ്കിലും മറ്റെന്തെങ്കിലും ചെയ്യുമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം കൊണ്ടുമാത്രം തൃപ്തിപ്പെടുമായിരുന്നില്ല, പാര്‍ട്ടി നേതൃസ്ഥാനം കൂടി സ്വന്തമാക്കുക എന്നതാകുമായിരുന്നു അടുത്തനീക്കം . ശിവസേന മേധാവിയുമായി നിങ്ങളെ താരതമ്യം ചെയ്ത് തുടങ്ങുന്നത് ഭീകരമായ ആഗ്രഹം മാത്രമാണ്. ഇതിനെയാണ് ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവരെന്ന് പറയുന്നത്''.

നിങ്ങളെന്തിനാണ് എന്റെ പിതാവിനെ തട്ടിയെടുക്കുന്നത്? അതിനര്‍ഥം നിങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ സ്വന്തമായി ഒന്നുമില്ലെന്നല്ലേ? നിങ്ങള്‍ ചതിയനാണ്. എന്തിനാണ് ബാലസാഹെബിനെ കുറിച്ച് സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്
ഉദ്ധവ് താക്കറെ

തന്റെ പിതാവിന്റെ പേരില്‍ വോട്ട് നേടുന്ന ഷിന്‍ഡെയുടെ നീക്കങ്ങള്‍ക്കെതിരെ ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. ''നിങ്ങളുടെ പിതാവിന്റെ ചിത്രവും പേരും ഉപയോഗിച്ച് വോട്ട് ചോദിക്കൂ. രക്ഷിതാക്കള്‍ കൂടെയുണ്ടാകാന്‍ ഭാഗ്യം ചെയ്തവര്‍ അവരുടെ അനുഗ്രഹത്തോടെ കാര്യങ്ങള്‍ ചെയ്യൂ. നിങ്ങളെന്തിനാണ് എന്റെ പിതാവിനെ തട്ടിയെടുക്കുന്നത്? അതിനര്‍ഥം നിങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ സ്വന്തമായി ഒന്നുമില്ലെന്നല്ലേ? നിങ്ങള്‍ ചതിയനാണ്. എന്തിനാണ് ബാലസാഹെബിനെ കുറിച്ച് സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് - ഉദ്ധവ് ചോദിക്കുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും സുഭാഷ് ചന്ദ്ര ബോസിനേയും കൈവശപ്പെടുത്തിയത് പോലെ ബാലാസാഹെബിനേയും സ്വന്തമാക്കാനാണ് ചിലരുടെ നീക്കം. സ്വന്തമായി വിഗ്രഹങ്ങളില്ലാത്തതിനാല്‍ മറ്റുള്ളവരുടെ വിഗ്രഹങ്ങള്‍ തട്ടിയെടുത്ത് അതിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതാണ് അവരുടെ രാഷ്ട്രീയമെന്നും താക്കറെ കുറ്റപ്പെടുത്തി. ജനങ്ങളല്ല മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയത് എന്നകാര്യം ഓര്‍ക്കണമെന്നും ഉദ്ധവ് പറഞ്ഞു.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?