ഏകീകൃത സിവിൽ കോഡിന് പിന്തുണ നല്‍കാൻ ശിവസേന ഉദ്ധവ് താക്കറെ പക്ഷവും. ബിജെപി വിരുദ്ധ നിരയിൽ എഎപിയും യുസിസിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം നാഗാലൻഡിൽ ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ഏക സിവിൽ കോഡിനെതിരെ രംഗത്തെത്തി.
ഏകീകൃത സിവില്‍കോഡ് രാജ്യത്ത് നടപ്പിലാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും കരട് തയ്യാറാക്കിയതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും ശിവസേന ഉദ്ധവി വിഭാഗം വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്രയിലെ ശിവസേന നേതാവ് ആനന്ദ് ദുബെയും അറിയിച്ചിരുന്നു. സിവില്‍ കോഡ് വിഷയത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി എങ്ങനെ നീങ്ങണമെന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും ദുബെ വ്യക്തമാക്കി.
മുംബൈ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ബാലചന്ദ്ര മുന്‍ഗേക്കറാണ് സമിതിയുടെ അധ്യക്ഷന്‍
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിലെ എന്‍സിപി ഈ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിയാലുള്ള ആഘാതം പഠിക്കാന്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒൻപതംഗ സമിതിയെയും നിയോഗിച്ചു. മുംബൈ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ബാലചന്ദ്ര മുന്‍ഗേക്കറാണ് സമിതിയുടെ അധ്യക്ഷന്‍. അതിനിടെ അടുത്ത മാസം ആരംഭിക്കുന്ന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം നാഗാലൻഡിൽ ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ന്യൂനപക്ഷ സമുദായങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഡിപിപിയുടെ വാദം. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 എ നാഗാലൻഡ് ജനതയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നാഗാലൻഡിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിയാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.