INDIA

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; നടപടി ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ, പുനഃപരീക്ഷ പിന്നീട്

വെബ് ഡെസ്ക്

നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി ദേശീയ ടെസ്റ്റിങ് ഏജന്‍സി. രണ്ടു ഘട്ടങ്ങളിലായി ഇന്നലെ നടന്ന പരീക്ഷയാണ് ഇന്ന് റദ്ദാക്കിയത്. നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി ഒമ്പത് ലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതിയിരുന്നത്.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ദേശീയ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പരീക്ഷയുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പുനഃപരീക്ഷ ഉടന്‍ നടത്തുമെന്നും അതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ നീറ്റ് പരീക്ഷയില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെയും ദേശീയ ടെസ്റ്റിങ് ഏജന്‍സിയെയും സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കുറ്റമറ്റതായി പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ''തെറ്റു സംഭവിച്ചാല്‍ അത് സമ്മതിക്കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിങ് ഏജന്‍സി കാണിക്കണം. തെറ്റു പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ഥികള്‍ക്കും ഏജന്‍സിക്കും ആത്മവിശ്വാസം നല്‍കും. ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ നടപടിയാണ് ഏജന്‍സിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്'' -ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ് വി ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

തട്ടിപ്പ് നടത്തി ഡോക്ടറാകുന്നവര്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും ബെഞ്ച് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുറന്നു സമ്മതിച്ചിരുന്നു. സൂപ്രീംകോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവു നല്‍കിയ മന്ത്രി സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കുന്നതായും വ്യക്തമാക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?