INDIA

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമലംഘനം; പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി യുജിസി

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ​ഗവേഷണ ബിരുദം നൽകുന്നതും വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന സംവിധാനവും മാനദണ്ഡങ്ങളും ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെടുന്ന സമിതി, ഫാക്കൽറ്റി നിയമനങ്ങളെക്കുറിച്ചും പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് യുജിസി ചെയർപേഴ്സൺ എം ജ​ഗദീഷ് കുമാർ ബുധനാഴ്ച വ്യക്തമാക്കി. കൃത്യമായ ഇടവേളകളിൽ സമിതി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമന പ്രക്രിയകൾ യുജിസി ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് കണ്ടെത്താൻ വേണ്ട പരിശോധനകൾ നടത്തുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, ഉചിതമായ നടപടിയെടുക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം ദി പ്രിന്റിനോട് പറഞ്ഞു.

വർഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ നിയമലംഘനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റെഗുലേറ്ററി ബോഡികൾക്ക് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായത്

ഏപ്രിൽ 24ന് ചേർന്ന യുജിസിയുടെ 568 -ാമത് യോഗത്തിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. വർഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ നിയമലംഘനം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് റെഗുലേറ്ററി ബോഡികൾക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജഗദീഷ് കുമാർ പറഞ്ഞു. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പരമോന്നത ഉപദേശക സമിതിയായ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) കഴിഞ്ഞ മാസം തമിഴ്നാട്ടിലെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫാക്കൽറ്റി നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നോട്ടീസ് നൽകിയതായി റിപ്പോർട്ടുണ്ട്. എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയതിനെ തുടർന്നായിരുന്നു ഇത്.

നിലവിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫാക്കൽറ്റി നിയമനങ്ങൾക്കും പിഎച്ച്ഡി നൽകുന്നതിനും രണ്ട് സെറ്റ് ചട്ടങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും അധ്യാപകരെയും മറ്റ് അക്കാദമിക് സ്റ്റാഫുകളെയും നിയമിക്കുന്നതിനുള്ള മിനിമം യോഗ്യതകൾ ഉൾക്കൊള്ളുന്നതും ഉന്നത വിദ്യാഭ്യാസത്തിലെ മാനദണ്ഡങ്ങൾ പരിപാലിക്കുന്നതിനുമുള്ള യുജിസി റെ​ഗുലേഷൻസ് 2018, പിഎച്ച്ഡി ബിരുദം നൽകുന്നതിനുള്ള മിനിമം സ്റ്റാൻഡേർഡുകളും നടപടിക്രമങ്ങളും അടങ്ങിയ യുജിസി റെഗുലേഷൻസ്, 2022 എന്നിവയാണത്. ഇവ പ്രകാരം, പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്നതിനുള്ള നിർബന്ധിത പ്രക്രിയ ലംഘിക്കുന്ന സ്ഥാപനത്തെ ഡീബാർ ചെയ്യാനോ ധനസഹായം നിർത്തലാക്കാനോ അംഗീകാരം റദ്ദാക്കാനോ യുജിസിക്ക് അവകാശമുണ്ട്. കൂടാതെ, പുതിയ പിഎച്ച്ഡി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് സ്ഥാപനത്തെ തടയാനും യുജിസിക്ക് കഴിയുമെന്നും യുജിസി ചെയർപേഴ്സൺ കൂട്ടിച്ചേ‍ർത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും