കാമില പാര്‍ക്കര്‍  
INDIA

ആയുര്‍വേദ ചികിത്സ: ബ്രിട്ടീഷ് ക്വീന്‍ കൊന്‍സൊറ്റ് വീണ്ടും ബെംഗളൂരുവില്‍

മലയാളിയായ ഐസക് മത്തായി നൂറനാലിന്റെ ചികിത്സ കേന്ദ്രമാണ് സൗഖ്യ

എ പി നദീറ

ആയുര്‍വേദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ പത്‌നിയും ക്വീന്‍ കൊന്‍സൊറ്റുമായ കാമില പാര്‍ക്കര്‍ വീണ്ടും ഇന്ത്യയില്‍. ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡില്‍ ഉള്ള ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രമായ സൗഖ്യയിലാണ് ബ്രിട്ടീഷ് ക്വീന്‍ കൊന്‍സൊറ്റിന് ചികില്‍സ. 12 വര്‍ഷത്തിനിടെ ചികിത്സക്കായി കാമിലയുടെ എട്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ചാള്‍സ് രാജാവിന് പരമ്പരാഗത ഇന്ത്യന്‍ ചികിത്സ രീതികളോടുള്ള താത്പര്യമാണ് ഇരുവരെയും പലതവണ ബെംഗളൂരുവിലെത്തിച്ചത്. കാമില പാര്‍ക്കര്‍ തനിച്ചാണ് ഇത്തവണ എത്തിയത്. മലയാളിയായ ഐസക് മത്തായി നൂറനാലിന്റെ ചികിത്സ കേന്ദ്രമാണ് സൗഖ്യ.

ആയുര്‍വേദ - ഹോമിയോ ചികിത്സ വിധികള്‍ക്കു പുറമെ ധ്യാനവും യോഗവും എല്ലാം സംയോജിപ്പിച്ച രീതിയാണ് സൗഖ്യയില്‍

ശരീര പുഷ്ടിക്കും വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ എന്നിവയ്ക്കാണ് 75 കാരിയായ കാമില പാര്‍ക്കര്‍ ഇത്തവണചികിത്സ തേടുന്നത്. ആയുര്‍വേദ - ഹോമിയോ ചികിത്സ വിധികള്‍ക്കു പുറമെ ധ്യാനവും യോഗവും എല്ലാം സംയോജിപ്പിച്ച രീതിയാണ് സൗഖ്യയില്‍ നല്‍കി വരുന്നതെന്ന് ചികിത്സക്കു നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

ചികിത്സ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കാമില പാര്‍ക്കര്‍ തിരികെ യുകെയിലേക്ക് മടങ്ങും

രാവിലെ 7 മണിക്ക് യോഗാഭ്യാസത്തോടെയാണ് ബെംഗളൂരുവില്‍ കാമില പാര്‍ക്കറിന്റെ ഒരു ദിനം തുടങ്ങുന്നത്. 9:30 ഓടെ ചികിത്സയിലേക്ക് കടക്കും. ഉച്ചഭക്ഷണം കഴിഞ്ഞു 3 മണി മുതല്‍ 5 മണി വരെ വിശ്രമം. വൈകിട്ട് വീണ്ടും യോഗയും ധ്യാനവും ഉണ്ട്. പൂര്‍ണമായും തെക്കേ ഇന്ത്യന്‍ രീതിയിലുള്ള സസ്യാഹാരമാണ് കാമിലക്ക് നല്‍കുന്നത്. എല്ലാ വിഭവങ്ങളിലും മുളകിന്റെ അളവ് കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണയിലെ ചികിത്സ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കാമില പാര്‍ക്കര്‍ തിരികെ യുകെയിലേക്ക് മടങ്ങും.

സ്കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സുരക്ഷ

കാമിലയുടെ സുരക്ഷ മുന്‍ നിര്‍ത്തി സൗഖ്യ ആശുപത്രി മുഴുവനായി ചികിത്സക്കായി വിട്ടു കൊടുത്തിരിക്കുകയാണ്. വനിതാ പോലീസ് ഓഫിസര്‍ ഉള്‍പ്പടെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ 8 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആശുപത്രിക്കകത്തെ സുരക്ഷാ ചുമതല. പുറത്തു കര്‍ണാടക പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ സുരക്ഷ ഒരുക്കുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാള്‍സ് രാജാവായതോടെയായിരുന്നു പത്‌നി കാമില പാര്‍ക്കറിന് ക്വീന്‍ കൊന്‍സൊറ്റ് പദവി ലഭിച്ചത്. അതുകൊണ്ടാണ് ചികിത്സ സമയത്ത് അതീവ സുരക്ഷാവലയം ഒരുക്കിയത്. കാമില പാര്‍ക്കര്‍ ചികിത്സ കഴിഞ്ഞു മടങ്ങിയാലും നാല് മാസത്തിലൊരിക്കല്‍ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തി തുടര്‍ചികിത്സ ഉറപ്പാക്കും.

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ