ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി പരിശോധന പത്ത് മണിക്കൂര്‍ പിന്നിട്ടു. അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലാണ് ഇന്ന് ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന സംഘടിപ്പിച്ചത്. ആദായ നികുതി വകുപ്പ് പരിശോധന ആഗോളതലത്തില്‍ തന്നെ ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബിബിസിയ്ക്ക് എതിരായ നടപടികള്‍ സൂക്ഷമായി നിരീക്ഷിച്ച് വരികയാണ് എന്നാണ് യുകെയുടെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഫീസുകളിലെ പരിശോധകളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് നേരത്തെ ബിബിസിയും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എത്രെയും പെട്ടെന്ന് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നികുതി- കൈമാറ്റ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തിലാണ് ഇന്ന് ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ പരിശോധന നടത്തിയത്.
ആദായ നികുതി വകുപ്പ് ബിബിസി ഓഫീസുകളില്‍ അപ്രതീക്ഷിതമായി നടത്തിയ പരിശോധനയുടെ വാർത്തകൾ ദേശീയ അന്തര്‍ദേശീയ തലത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ''ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. എന്നാൽ മുൻകാലങ്ങളിലും സർവ്വേ അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ബിബിസിക്ക് അയച്ചിരുന്നതായും കമ്പനി അതിൽ സഹകരിച്ചിരുന്നില്ലെന്നും അധികൃതർ ആരോപിക്കുന്നു.
ഇന്ന് രാവിലെ പത്തരയോടെ ആരംഭിച്ച പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരെ ഓഫീസില്‍ നിന്നും പുറത്തുപോകാൻ അനുവദിക്കാതിരിക്കുകയും ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോള്‍ നടപടിയെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു നടപടിയെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. സര്‍വേയുടെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പങ്കുവെക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ യുകെയിലെ ബിബിസി ഓഫീസുകള്‍ക്ക് മുന്നിലുള്‍പ്പെടെ പ്രതിഷേധങ്ങള്‍ അങ്ങേറിയിരുന്നു. എന്നാല്‍ സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് ബിബിസി എന്നതായിരുന്നു പ്രതിഷേധത്തിൽ യുകെ സർക്കാരിന്റെ പ്രതികരണം.